''വിസ്മയം തീർത്ത മാന്ത്രിക വിരലുകൾ, ആ സം​ഗീതം മരിക്കുന്നില്ല, പ്രിയപ്പെട്ട ബാലുവിന് ആദരാജ്ഞലികൾ.'' എന്നായിരുന്നു മോഹൻലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. 

ബാലഭാസ്കർ എന്ന ബാല വയലിനിൽ വായിച്ചതെല്ലാം വിഷാദ​ഗാനങ്ങളായിരുന്നു. സേതുമാധവന്റെ ആത്മദു:ഖങ്ങൾ മുഴുവൻ ആവാഹിച്ച പാട്ടായിരുന്നു കിരീടം എന്ന ചിത്രത്തിലെ 'കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി.' ബാലഭാസ്കർ എന്ന സം​ഗീത പ്രതിഭ അവസാന യാത്രയ്ക്കൊരുങ്ങുമ്പോൾ സമൂഹമാധ്യമങ്ങളില്‍ എല്ലാവരും പങ്കിട്ടെടുത്തതും പങ്കിട്ട് കൊടുത്തതും ഇതേ പാട്ട് തന്നെയാണ്. ബാലഭാസ്കറിന് ആദരാജ്ഞലി അർപ്പിച്ചു കൊണ്ട് നടൻ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കൊടുത്തിരുന്നതും ബാലഭാസ്കർ വയലിനിൽ വായിച്ച ഈ പാട്ടായിരുന്നു. ''വിസ്മയം തീർത്ത മാന്ത്രിക വിരലുകൾ, ആ സം​ഗീതം മരിക്കുന്നില്ല, പ്രിയപ്പെട്ട ബാലുവിന് ആദരാജ്ഞലികൾ'' എന്നായിരുന്നു മോഹൻലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. 

ഇത് മാത്രമല്ല, വെണ്ണിലവേ വെണ്ണിലവേ, മലരേ മൗനമാ, യേ അജ്നബി, മലർക്കൊടി പോലെ തുടങ്ങി വിഷാ​ദ​ഗാനങ്ങൾ മുതൽ അടിപൊളിപ്പാട്ടുകൾ വരെ ബാലഭാസ്കറിന്റെ വയലിനിൽ ഒതുങ്ങി നിന്നു. രണ്ട് വർഷം മുമ്പാണ് യൂട്യൂബിൽ കണ്ണീർപ്പൂവിന്റെ വയലിൻ വേർഷൻ ഇറങ്ങിയത്. അന്നു മുതൽ ആരാധകർ ഈ ​ഗാനം നെഞ്ചേറ്റിയിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിലായിരുന്നു ബാലഭാസ്കർ ആദ്യമായി വയലിനൊപ്പം വേദിയിലെത്തിയത്. ബാലഭാസ്കർ എന്ന് കേൾക്കുമ്പോൾ ഒപ്പമൊരു വയലിനെയും ഓർമ്മ വരുന്നൊരു തലത്തിലേക്ക് വളരെപ്പെട്ടെന്നാണ് ഈ ചെറുപ്പക്കാരൻ വളർന്നത്. നാൽപതാമത്തെ വയസ്സിൽ പെട്ടെന്നൊരു ദിവസം സം​ഗീതത്തിൽ നിന്നും ജീവിതത്തിൽ ഇറങ്ങിപ്പോകുമ്പോൾ വേദികൾ അനാഥമാകുന്നുണ്ട്.