ഇന്ന് ബലി പെരുന്നാൾ. ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍റെ സ്മരണയിൽ ലോകമെമ്പാടുമുള്ള മുസ്ലീം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. ഏറെ പ്രാർത്ഥനകൾക്ക് ശേഷം ജനിച്ച ഇസ്മായീലിനെ ഇബ്രാഹിം നബി ദൈവകൽപ്പനയനുസരിച്ച് ബലി നൽകാൻ തീരുമാനിച്ചതിന്‍റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇന്ന്.

അദ്ഹ എന്ന അറബി വാക്കിന്റെ അർത്ഥം ബലി എന്നാണ്. ഈ ദുൽ അദ്ഹ എന്നാൽ ബലിപെരുന്നാൾ . ഇന്ന് ലോകമെങ്ങുമുള്ള വിശ്വാസികൾ മനസ്സുകൊണ്ട് മക്കയിലെ വിശുദ്ധ മണ്ണിൽ തീർത്ഥാടനം നടത്തും. ജീവിതത്തിലന്നോളം പറ്റിയ തെറ്റുകൾക്കു അല്ലാഹുവിനോട് ക്ഷമ ചോദിക്കും. കണ്ണീരു കൊണ്ട് മനസ്സിനെ സ്വയം ശുദ്ധീകരിച്ച് പ്രപഞ്ച നാഥനു മുന്നിൽ സ്വയം സമർപ്പിക്കും. ഇനി തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി പ്രതിജ്ഞയെടുക്കും.

ത്യാഗത്തിന്റെയും സഹനത്തിന്റെയും പകരംവയ്ക്കാനില്ലാത്ത സമർപ്പണമാണു ബലി പെരുന്നാൾ നൽകുന്ന സന്ദേശം. സ്വന്തം മകനെ ബലി നല്‍കണമെന്ന ദൈവകൽപന ശിരസ്സാവഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയാണ് ഓരോ ബലി പെരുന്നാളും.

ആ ത്യാഗത്തിന്‍റെ സ്മരണയിൽ ഇന്ന് ലോകമെന്പാടുമുള്ള മുസ്ലീം മത വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. പെരുന്നാളിന് കുടുംബത്തിൽ എല്ലാവരും ഒത്തുകൂടുന്നു. മൈലാഞ്ചിച്ചോപ്പും മാപ്പിളപ്പാട്ടും പുതുവസ്ത്രങ്ങളും എല്ലാമായി കുടുംബത്തിലെ എല്ലാവരും ആഘോഷത്തിമർപ്പിലാണ്.

അതിനിടെ അറഫാ സംഗമം ഉള്‍പ്പെടെയുള്ള കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഹജ്ജ് തീര്‍ഥാടകര്‍ വീണ്ടും മിനായിലേക്ക് മടങ്ങി. ജമ്രകളില്‍ കല്ലേറ് കര്‍മം ആരംഭിച്ചു. അറഫാ സംഗമവും മുസ്ദലിഫയിലെ രാപാര്‍ക്കലും കഴിഞ്ഞു ഹജ്ജ് തീര്‍ഥാടകര്‍ മിനായില്‍ എത്തികൊണ്ടിരിക്കുകയാണ്. അര്‍ദ്ധരാത്രിയോടെ തന്നെ പല തീര്‍ഥാടകരും മിനായിലേക്ക് മടങ്ങി. മിനായില്‍ തിരിച്ചെത്തിയതോടെ ജമ്രകളില്‍ കല്ലേറ് കര്‍മം ആരംഭിച്ചു.

ഇന്നലെ മുസ്ദലിഫയില്‍ നിന്നാണ് ജമ്രകളില്‍ എറിയാനുള്ള കല്ലുകള്‍ തീര്‍ഥാടകര്‍ ശേഖരിച്ചത്. മൂന്നു ജമ്രകളില്‍ ഏറ്റവും വലിയ ജമ്രയായ ജമ്രതുല്‍ അഖബയില്‍ മാത്രമാണ് ഹാജിമാര്‍ ഇന്ന് കല്ലേറ് കര്‍മം നിര്‍വഹിക്കുന്നത്. കല്ലേറ് കര്‍മത്തിനുള്ള സമയം രാവിലെ ആരംഭിച്ചു. ജമ്രയിലെ തിരക്ക് ഒഴിവാക്കാന്‍ ഇന്ന് രാവിലെ ആറു മണി മുതല്‍ പത്ത് മണി വരെ കല്ലെറിയാന്‍ പോകരുതെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ ലബ്ബിക്കല്ലാഹുമ്മ ലബ്ബൈക് എന്ന തല്ബിയത് അവസാനിപ്പിച്ച് തക്ബീര്‍ ചൊല്ലാന്‍ ആരംഭിച്ചു. ബലിയറുക്കുക, മുടിയെടുക്കുക, ഹറം പള്ളിയില്‍ ചെന്ന് വിശുദ്ധ കഅബയെ പ്രദിക്ഷണം ചെയ്യുക. ഇവയാണ് ഇന്ന് ഹാജിമാര്‍ അനുഷ്ടിക്കുന്ന മറ്റു കര്‍മങ്ങള്‍.

ഇഹ്റാമിന്റെ പ്രത്യേക വസ്ത്രം ഉപേക്ഷിച്ചു ഹാജിമാര്‍ ഇന്ന് മുതല്‍ സാധാരണ വസ്ത്രം ധരിക്കും. ജമ്രാ പാലത്തിലും വഴികളിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ആണ് ഒരുക്കിയിട്ടുള്ളത്. സുരക്ഷാ സേനയുടെയും, സിവില്‍ ഡിഫന്‍സിന്‍റെയും, സൗദി റെഡ് ക്രസന്റിന്‍റെയുമെല്ലാം കേന്ദ്രങ്ങള്‍ ജമ്രാ പരിസരത്തുണ്ട്. മിനായില്‍ താമസിച്ച് നാളെ മുതല്‍ തീര്‍ഥാടകര്‍ മൂന്നു ജമ്രകളിലും കല്ലേറ് കര്‍മം നിര്‍വഹിക്കും. എല്ലാ പ്രേക്ഷകര്‍ക്കും ഏഷ്യാനെറ്റ് ന്യൂസിന്‍റെ ബലി പെരുന്നാള്‍ ആശംസകള്‍.