സിപിഎമ്മിന്റെ ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ഫ്ലെക്സില്‍ കിങ് ജോങ് ഉന്‍ ഇടം പിടിച്ചതിനെ പരിഹസിച്ച് വി ടി ബല്‍റാം എം എല്‍ എ. മോർഫിംഗ്‌ അല്ലാത്രേ, ഒറിജിനൽ തന്നെ ആണത്രേ! കിം ഇൽ സുങ്ങ്‌ കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാൻ പാർട്ടി സെക്രട്ടറിക്ക്‌ സമയമില്ലാത്തത്‌ കൊണ്ടായിരിക്കും എന്ന് തോന്നുന്നുവെന്നാണ് വിടി ബല്‍റാം പരിഹസിക്കുന്നത്.

ഇടുക്കി നെടുങ്കണ്ടം ഏരിയാ സമ്മേളനത്തോട് അനുബന്ധിച്ചാണ് നെടുങ്കണ്ടം ടൗണിലും താന്നിമൂട്ടിലും കിങ് ജോങ് ഉന്നിന്റെ ഫ്ലെക്സ് സ്ഥാപിച്ചത്. ക്രൂരതയുടെ പര്യായമെന്ന് വിശേഷിപ്പിക്കുന്ന ഉത്തരകൊറിയന്‍ പ്രസിഡന്‍റിന്‍റെ ചിത്രത്തിലൂടെ പാര്‍ട്ടി എന്ത് സന്ദേശമാണ് പകര്‍ന്നു നല്‍കുന്നതെന്നും ചോദ്യമുയരുന്നുണ്ട്. 

സ്വന്തം കുടുംബാംഗങ്ങളെ പോലും ക്രൂരമായി കൊലചെയ്ത വ്യക്തിയെന്ന ആരോപണം നേരിടുന്ന വ്യക്തിയായ കിങ് ജോങ് ഉന്നിന്റെ ചിത്രം സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ചത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും സമ്മേളന പ്രതിനിധികള്‍ക്കിടയിലും കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.