ദില്ലി: യുണെെറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് ഉത്പാദിപ്പിക്കുന്ന മദ്യങ്ങള്‍ക്ക് ദില്ലിയില്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ബാര്‍ക്കോഡില്‍ തട്ടിപ്പ് കാണിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ രാജ്യതലസ്ഥാനത്ത് കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് എങ്കിലും വാറ്റ് 69 വിസ്കിയും സ്മിര്‍നോഫ് വോഡ്കയും അടക്കമുള്ള ബ്രാന്‍ഡുകള്‍ വില്‍ക്കാനാകില്ല.

ദില്ലിയിലെ എക്സെെസ് നിയമങ്ങള്‍ കമ്പനി ലംഘിച്ചുവെന്ന് ഫിനാന്‍ഷ്യല്‍ കമ്മീഷണറിന്‍റെ ഉത്തരവില്‍ പറയുന്നു. അത് കൊണ്ട് എക്സെെസ് നിയമത്തിലെ 70-ാം വകുപ്പ് പ്രകാരം യുണെെറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിലെ കരിമ്പട്ടികയില്‍പ്പെടുത്തുകയാണെന്നും ഉത്തരവില്‍ കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ, യുഎസ്എല്‍ കമ്പനിയുടെ ഔറഗബാദ് യൂണിറ്റിനെ ദില്ലി എക്സെെസ് ഡപ്യൂട്ടി കമ്മീഷണര്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഇതിനെതിരെ കമ്പനി അപ്പീലിന് പോയിരുന്നു. പൊതുജനങ്ങളുടെ ആരോഗ്യത്തിന് കമ്പനി വരുത്തിയ തെറ്റുകകള്‍ ഹാനീകരമാകുമെന്ന് ഫിനാന്‍ഷ്യല്‍ കമ്മീഷണര്‍ പറഞ്ഞു.