സുഹൃത്തുക്കളെയും ബന്ധുക്കളെയും യാത്രയയ്ക്കുന്നതിന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതാണ് വിദേശികളള്‍ക്ക് വിമാനത്താവള സുരക്ഷാ വകുപ്പിന്‍റെ പുതിയ ഡയറക്ടര്‍ ബ്രിഗേഡിയര്‍ വാലീദ് അല്‍ സാലെഹ് വിലക്ക് ഏര്‍പ്പെടുത്തിയതായി പ്രദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിമാനങ്ങള്‍ യാത്ര പുറപ്പെടുന്ന മേഖലയില്‍ പ്രിയപ്പെട്ടവരെ യാത്രയാക്കാന്‍ എത്തുന്നവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരാളെ യാത്രയാക്കാന്‍ കുറഞ്ഞത് പത്തുപേരെങ്കിലും എത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. യാത്ര അയയ്ക്കുകയെന്നതു കൂടാതെ മറ്റ് ആവശ്യങ്ങള്‍ക്കായി പുറപ്പെടല്‍ മേഖലയില്‍ നിരവധിപേര്‍ എത്തുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 

തങ്ങളുടെ ബന്ധുക്കള്‍ക്കുള്ള സാധനങ്ങളടങ്ങിയ ബാഗുകള്‍ നാട്ടിലേക്കു അവധിക്കുപോകുന്നവരുടെ കൈവശം ഏല്‍പിക്കാനുള്ളവരുടെ തിരക്കും ഇവിടെയുണ്ട്. ചെക്ക് ഇന്‍ ഏരിയയിലെ അമിതമായ തിരക്ക് കുറയ്ക്കുന്നതിനാണ് പുതിയ നിയന്ത്രണമേര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. 

ഇതോടെ യാത്ര ചെയ്യുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും പുറപ്പെടല്‍ മേഖലയില്‍ പ്രവേശനമുണ്ടായിരിക്കുകയില്ല. അതോടൊപ്പം പ്രധാന ഗേറ്റിലും കൂടുതല്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുമെന്നാണ് ലഭ്യമായ വിവരം.