മഹാരാഷ്ട്രയില്‍ മദ്യശാലകള്‍ക്കും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും ദൈവങ്ങളുടെ പേരുകള്‍ നല്‍കുന്നത് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ചരിത്ര പുരുഷന്‍മാരുടെയും ദേവീദേവന്‍മാരുടെയും പേരിടുന്നത് വിലക്കിക്കൊണ്ട് എക്സൈസ് വകുപ്പ് ഉടന്‍ ഉത്തരവ് നല്‍കുമെന്ന് തൊഴില്‍ വകുപ്പ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ഈ വിഷയം നിയമസഭാ സമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു. ഇത് തടയാന്‍ നിയമം വേണമെന്നും ആവശ്യമുയര്‍ന്നു. വേണ്ട നടപടി സ്വീകരിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുളെ ഉറപ്പും നല്‍കിയിരുന്നു. 

തുടര്‍ന്ന് ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ എക്സൈസ് വകുപ്പിലെയും തൊഴില്‍ വകുപ്പിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചു. തൊഴില്‍മന്ത്രി അധ്യക്ഷനായ സമിതിയാണ് മദ്യശാലകള്‍ക്ക് ദേവീദേവന്‍മാരുടെ പേര് നല്‍കുന്നതിനെതിരെ ചട്ടങ്ങള്‍ തയ്യാറാക്കുന്നത്. സംസ്ഥാനത്ത് നിരവധി ബാറുകള്‍ക്കാണ് ദേവീദേവന്‍മാരുടെയും ചരിത്ര പുരുഷന്‍മാരുടെയും പേര് നല്‍കിയിരിക്കുന്നതെന്ന് സമിതി കണ്ടെത്തി.

നിലവില്‍ സ്ഥാപനങ്ങള്‍ക്ക് ദേവീദേവന്‍മാരുടെ പേര് നല്‍കുന്നത് തടയാന്‍ നിയമമില്ല. സംസ്ഥാനത്തെ കടകളും വ്യാപാര സ്ഥാപനങ്ങളും 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതോടൊപ്പം ഈ ചട്ടംകൂടി ഉള്‍പ്പെടുത്താനാണ് ഇരുവകുപ്പുകളുടെയും തീരുമാനം. ഇതിന് ശേഷം നിയമം നിലവില്‍വരും.