കുപ്രസിദ്ധ മോഷ്‌ടാവ് ബണ്ടിചോര്‍ കേസില്‍ കോടതി നാളെ വിധി പറയും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യവും കോടതി പരിഗണിക്കും.

Add Asianetnews as a Preferred SourcegooglePreferred

മുട്ടടയുള്ള വീട്ടില്‍ നിന്നും കാറും ലാപ്ടോപ്പും മോഷ്‌ടിച്ച കേസിലാണ് ബണ്ടി ചോര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഭവനഭേദനം, മോഷണം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ബണ്ടി ചോറിനെതിരായ കുറ്റങ്ങള്‍. ബണ്ടി ചോറിനെതിരെ രാജ്യത്തെ വിവിധ സ്റ്റേഷനുകളില്‍ 300 ലധികം കേസുകളുണ്ടെന്നും കോടതികള്‍ ശിക്ഷിച്ചതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതിനാല്‍ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ച് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ബണ്ടി ചോറിനെതിരായ ശിക്ഷാവിധികളുടെ പകര്‍പ്പും പൊലീസ് ഹാജരാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന്‍റെ ഈ ആവശ്യമാകും കോടതി പരിഗണിക്കുക. ഇക്കാര്യം കോടതി അംഗീകരിച്ചാല്‍ ശിക്ഷാ വിധി നാളെ തന്നെ ഇന്നുണ്ടായേക്കും. സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിക്കുന്നതിനെ ബണ്ടിച്ചോറിന്‍റെ അഭിഭാഷകന്‍ എതിര്‍ക്കുകയാണെങ്കില്‍ ഇതിന്‍മേല്‍ വാദം കേട്ട ശേഷമാകും വിധി പറയുക. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോഷണം നടത്തി മുങ്ങി നടക്കുന്നതിനിടെയാണ് ബണ്ടി ചോര്‍ കേരളത്തില്‍ എത്തി മോഷണം നടത്തിയത്. ഇവിടെ നിന്ന് മുങ്ങിയ ബണ്ടിച്ചോറിനെ കേരള പൊലീസ് പൂനെയില്‍ നിന്നാണ് പിടികൂടിയത്. നാല് വര്‍ഷമായി പൂജപ്പുര ജയിലിലെ പ്രത്യേക സെല്ലിലാണ് ബണ്ടി ചോറിനെ പാര്‍പ്പിച്ചിരിക്കുന്നത്.