ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിലെ മാനദണ്ഡങ്ങളെ ദേശീയ അധ്യാപക പരിഷത്ത് നേതാവായ അനൂപ് കുമാർ തെക്കേടത്ത് ചോദ്യം ചെയ്യുന്നു. ഇന്ത്യ പങ്കെടുക്കാത്ത മത്സരത്തിന് അവധി നൽകുമ്പോൾ, മറ്റ് ഗൗരവമായ വിഷയങ്ങളിൽ അവധി നിഷേധിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നതിലെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് ദേശീയ അധ്യാപക പരിഷത്ത് നേതാവും അധ്യാപകനുമായ അനൂപ് കുമാർ തെക്കേടത്ത്. ഫുട്ബോളിനോടുള്ള ജനങ്ങളുടെ ആവേശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാൽ സർക്കാർ തീരുമാനങ്ങളിൽ ഒരേ മാനദണ്ഡം വേണമെന്നതാണ് ആവശ്യമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി ചോദിക്കുന്നതും അതിനുള്ള മറുപടിയും, അതിനുശേഷം കുഞ്ഞാലിക്കുട്ടി സാഹിബിനോട് പറഞ്ഞ സ്വകാര്യം 'ചതിക്കാത്ത മൈക്കിലൂടെ' പുറത്തുവന്നതും കേട്ടവരാണ് കേരളത്തിലെ ജനങ്ങളെന്ന് അനൂപ് കുമാർ തെക്കേടത്ത് ഓർമ്മിപ്പിച്ചു. ലോകകപ്പ് ഫൈനൽ നടക്കുന്ന ദിവസം ലോകചാമ്പ്യന്മാരാകാൻ സാധ്യതയുള്ള സ്പെയിനിലോ അർജന്റീനയിലോ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നുണ്ടോ എന്ന ചോദ്യം ഏറെ പ്രസക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ ക്രിക്കറ്റ് ഏകദിന ലോകകപ്പ് നേടിയപ്പോഴും 20:20 ലോകകപ്പ് നേടിയപ്പോഴും സംസ്ഥാനതലത്തിൽ പൊതുവിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നില്ല. രാജ്യത്തിന്റെ സ്വന്തം ടീമിന്റെ ചരിത്രവിജയത്തിന് പോലും ഉണ്ടാകാത്ത തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കനത്ത മഴ, അതിശക്തമായ ചൂട്, പരീക്ഷകൾ, കുട്ടികളുടെ സുരക്ഷ തുടങ്ങിയ ഗൗരവമേറിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി പലതവണ അവധി ആവശ്യപ്പെട്ടിട്ടും അനുവദിക്കാതിരുന്ന അനുഭവങ്ങളാണ് ഉള്ളത്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ, ഇന്ത്യ പങ്കെടുക്കാത്ത ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിനായി സംസ്ഥാനതലത്തിൽ അവധി പ്രഖ്യാപിക്കുന്നത് സ്വാഭാവികമായും ചോദ്യങ്ങൾക്ക് ഇടയാക്കുമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫുട്ബോൾ ആവേശം ഏറ്റവും ശക്തമായത് കോഴിക്കോട്, മലപ്പുറം തുടങ്ങിയ ചില ജില്ലകളിലാണെന്നത് യാഥാർഥ്യമാണെങ്കിലും, അതിന്റെ പേരിൽ സംസ്ഥാനമൊട്ടാകെ ഒരേ തീരുമാനം സ്വീകരിക്കുന്നതിന്റെ യുക്തിയും മാനദണ്ഡവും ചർച്ച ചെയ്യപ്പെടേണ്ടതാണ്. പൊതുഭരണത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്ഥിരതയും നീതിയുക്തമായ തീരുമാനങ്ങളുമാണ്. ഒരു വിഷയത്തിൽ ഒരു മാനദണ്ഡവും മറ്റൊരു വിഷയത്തിൽ മറ്റൊരു മാനദണ്ഡവും സ്വീകരിക്കരുത്. ഇത് ഫുട്ബോളിനെ എതിർക്കുന്ന നിലപാടല്ലെന്നും സർക്കാർ തീരുമാനങ്ങളിൽ ഒരേ മാനദണ്ഡം വേണമെന്ന ജനാധിപത്യപരമായ ആവശ്യമാണെന്നും അനൂപ് കുമാർ തെക്കേടത്ത് വ്യക്തമാക്കി.