ബെംഗളൂരു: കുട്ടികളുടെ കുസൃതി രക്ഷിതാക്കൾ ഏറ്റെടുത്തപ്പോൾ കർണാടകത്തിലെ ഒരു സ്കൂളിൽ നടന്നത് കൂട്ടത്തല്ല്. മൂന്നാംക്ലാസുകാരായ കുട്ടികളുണ്ടാക്കിയ പ്രശ്നം തീർക്കാർ വിളിച്ച പിടിഎ യോഗം, സംഘർഷത്തിലേക്കെത്തിയതോടെ പൊലീസിന് ഇടപെടേണ്ടി വന്നു.
പരസ്പരം മണ്ണ് വാരിയെറിയൽ, നിലത്തുരുണ്ടും, വട്ടം കൂടിയും ചവിട്ടും കുത്തും. രംഗം ഉത്തര കന്നഡയിലെ അങ്കോല താലൂക്കിലെ സർക്കാർ സ്കൂളിന്‍റെ മുറ്റത്താണ്. കഥാപാത്രങ്ങൾ സ്കൂളിലെ മൂന്നാം ക്ലാസുകാരായ രണ്ട് കുട്ടികളുടെ അമ്മമാരും ബന്ധുക്കളും.
വിട്ടുകൊടുക്കാതെ ഇരുകൂട്ടരും ഇങ്ങനെ തല്ലുണ്ടാക്കിയതിന് കാരണക്കാർ ആ മൂന്നാം ക്ലാസുകാർ തന്നെ. ബുധനാഴ്ച സ്കൂളിൽ കളിക്കുന്നതിനിടെ ഇരുവരും തമ്മിൽ ചെറുതായി ഉന്തും തളളുമുണ്ടായി.
ഒരാളത് വീട്ടിൽ പറഞ്ഞു. അയാളുടെ അമ്മയും മുത്തശ്ശിയും വൈകീട്ട് സ്കൂളിൽ വന്ന് കൂട്ടുകാരനെ വഴക്കുപറഞ്ഞു, ചെരിപ്പുകൊണ്ടടിച്ചു. അടികിട്ടിയ കുട്ടി വീട്ടിലെത്തി സംഭവം പറഞ്ഞതോടെ അവിടെ നി്ന്നും ആളെത്തി.
സ്കൂളിൽ പരാതിപ്പെട്ടു.അധ്യാപകർ പ്രശ്നം തീർക്കാൻ വ്യാഴാഴ്ച രക്ഷിതാക്കളുടെ യോഗം വിളിക്കാൻ തീരുമാനിച്ചു. വ്യാഴാഴ്ച രാവിലെ യോഗം കൂടി. അധികം നീണ്ടില്ല, വാക്കേറ്റം അടിയിലേക്കെത്തി. ഹാളിൽ നിന്നിറങ്ങി സ്കൂൾ മുറ്റത്തുവച്ചായി പിന്നെ തല്ല്.
കണ്ടുനിന്നതല്ലാതെ തല്ലുണ്ടാക്കിയവരെ പിടിച്ചുമാറ്റാൻ അവിടെയുണ്ടായിരുന്നവരൊന്നും തയ്യാറായില്ല. പ്രോത്സാഹിപ്പിക്കാനായിരുന്നു ചിലർക്ക് താത്പര്യം.പോർവിളിയും ചെരുപ്പേറും ഇരുപത് മിനിറ്റോളം തുടർന്നു. ഒടുവിൽ അധ്യാപകർ പൊലീസിനെ വിളിച്ചുവരുത്തി. അവർ ഇടപെട്ടതോടെ ഇരു കൂട്ടരും തല്ല് വസാനിപ്പിക്കുകയായിരുന്നു
.
