ധാക്ക: മുംബൈ ആസ്ഥാനമായ ഇസ്ലാം മതപ്രഭാഷകന്‍ സക്കീർ നായിക്കിന്റെ ഉടമസ്ഥതയിലുള്ള പീസ് ടിവി ചാനൽ ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിച്ചു. ധാക്ക ഭീകരാക്രമണത്തിൽ പങ്കെടുത്തവർക്ക് പീസ് ടിവി പ്രചോദനമായെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള കാബിനറ്റ് കമ്മിറ്റിയുടെ പ്രത്യേക യോഗം ചാനല്‍ നിരോധിക്കാന്‍ തീരുമാനിച്ചത്. ബംഗ്ലാദേശ് കേന്ദ്രമന്ത്രി ആമിര്‍ ഹുസൈന്‍ അമ്മുവാണ് നിരോധന വിവരം മാധ്യമങ്ങളെ അറിയിച്ചത്.

വെള്ളിയാഴ്ചകളിലെ പ്രാര്‍ത്ഥനാ യോഗങ്ങളിലെ പ്രഭാഷണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും യോഗം തീരുമാനിച്ചു. മുതിര്‍ന്ന മന്ത്രിമാരും റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ആര്‍എബി), അതിര്‍ത്തി രക്ഷാ സേനയുടെ ഉള്‍പ്പെടെയുള്ള ഉന്നത സെക്യൂരിറ്റി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ഇസ്ലാമിന്‍റെ യതാര്‍ത്ഥ ആശയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടത്താനും ഭീകരവാദത്തെയും തീവ്രവാദ പ്രവര്‍ത്തനങ്ങളെയും തള്ളിപ്പറയാനും രാജ്യത്തെ ഇമാമിനോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


ജൂലൈ 1 ന് ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ കഫേയില്‍ നടന്ന ഭീകരാക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും വിദേശികളായിരുന്നു.


മുംബൈ ആസ്ഥാനമായ ഇസ്‌ലാമിക് റിസർച് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ളതാണു പീസ് ടിവി. ആദ്യമായാണ് മുസ്‌ളീം ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് പീസ് ടി വി നിരോധിക്കപ്പെടുന്നത്.

സാക്കിര്‍ നായിക്ക് തങ്ങളുടെ ഇന്‍റലിജന്‍സ് ഏജന്‍സികളുടെ അന്വേഷണത്തിന് കീഴിലാണെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി ആസാദ്ഉസ്മാന്‍ ഖാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സക്കീർ നായിക്കിന്റെ സാമ്പത്തീക ഇടപെടലുകളെക്കുറിച്ചും ബംഗ്ലാദേശ് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.