ധാക്ക: മുഹമ്മദ് നബിയെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മോശമായി പോസ്റ്റിട്ട പ്രശസ്ത ബ്ലോഗറെ ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്തു. നൂര്‍ എന്ന് അറിയപ്പെടുന്ന ആസാദ് നൂറിനെയാണ് ധാക്ക വിമാനതാവളത്തില്‍ വച്ച് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ബര്‍ഗുന ജില്ലയിലെ അംധോളി എന്ന സ്ഥലത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്യൂണിക്കേഷന്‍ ടെക്നോളജി ആക്ട് പ്രകാരം കേസ് റജിസ്ട്രര്‍ ചെയ്തതിനാലാണ് അറസ്റ്റ് എന്നാണ് അധികൃതര്‍ പറയുന്നത്.

ബര്‍ഗുന ജില്ല പോലീസ് സൂപ്രണ്ട് എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ നൂര്‍ ഫേസ്ബുക്കില്‍ ഇസ്ലാമിനെയും മുഹമ്മദ് നബിയെയും മോശമായി ചിത്രീകരിച്ച് പോസ്റ്റിട്ടെന്നും, ഇതില്‍ മതവികാരം വ്രണപ്പെടുത്തിയതിന്‍റെ പേരില്‍ അറസ്റ്റ് വാറണ്ട് ഉണ്ടെന്നുമാണ് പറയുന്നത്.

ഈ പോസ്റ്റിനെതുടര്‍ന്ന് ബര്‍ഗുനയില്‍ വലിയ സംഘര്‍ഷം ഉടലെടുത്തിരുന്നു. അതിന് ശേഷം നൂര്‍ ഇവിടുന്ന് രക്ഷപ്പെട്ട് മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. പിന്നീട് നടത്തിയ പോലീസ് അന്വേഷണത്തിലാണ് ഇയാളെ വിദേശത്തെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയില്‍ ധാക്കയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജറാക്കും.