Asianet News MalayalamAsianet News Malayalam

ബാങ്ക് ആക്രമണക്കേസ്: കൂടുതൽ എൻജിഒ യൂണിയൻ നേതാക്കൾക്കെതിരെ നടപടി; നാല് പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരത്ത് എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് അടിച്ചുതകർത്ത കേസിൽ നാല് എൻജിഒ യൂണിയൻ നേതാക്കളെക്കൂടി സസ്പെൻഡ് ചെയ്തു.

bank attack case in trivandrum three more ngo union leaders suspended
Author
Thiruvananthapuram, First Published Jan 18, 2019, 11:43 AM IST

തിരുവനന്തപുരം: ഈ മാസം 8, 9 തീയതികളിൽ നടന്ന ദേശീയപണിമുടക്കിനിടെ തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് അടിച്ചുതകർത്ത നാല് എൻജിഒ യൂണിയൻ നേതാക്കളെക്കൂടി സസ്പെൻഡ് ചെയ്തു. അറസ്റ്റിലായ സംസ്ഥാനകമ്മിറ്റി അംഗം സുരേഷ് ബാബു, അനിൽ, ജില്ലാ നേതാക്കളായ സുരേഷ് കുമാർ, ശ്രീവത്സൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

അതേസമയം, ഈ ബാങ്ക് ആക്രമണക്കേസിൽ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളി. തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചിന് നേരെ പണിമുടക്ക് ദിവസമാണ് ആക്രമണമുണ്ടായത്. സമരാനുകൂലികൾ ഓഫീസ് അടിച്ചു തകർത്തു. സ്റ്റാച്യൂവിനടുത്ത് സംയുക്തസമരസമിതിയുടെ പന്തലിന് തൊട്ടടുത്തുള്ള ബ്രാഞ്ചിന് നേരെയാണ് ആക്രമണമുണ്ടായത്.

രണ്ട് ദിവസത്തെ പണിമുടക്കിൽ ആദ്യദിനം എസ്ബിഐ ബ്രാഞ്ചുകൾ പലതും പ്രവ‍ർത്തിക്കുന്നുണ്ടായിരുന്നു. രാവിലെ പത്തരയോടെ ഒരു സംഘമാളുകൾ ബ്രാ‍ഞ്ചിന്‍റെ താഴത്തെ നിലയിലെത്തി ബാങ്കിന്‍റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. സമരക്കാരെ സെക്യൂരിറ്റി ജീവനക്കാർ തട‌ഞ്ഞതോടെ സംഘർഷമായി. 

മുകളിലത്തെ നിലയിലെത്തിയ സമരക്കാർ ബ്രാഞ്ച് അടിച്ചു തകർത്തു. മാനേജരുടെ ക്യാബിൻ തകർത്ത് അകത്തു കയറിയ ഇവർ കമ്പ്യൂട്ടറും മേശയും കസേരയും തല്ലിപ്പൊളിക്കുകയും ചെയ്തു. പറഞ്ഞാൽ ബാങ്ക് അടച്ചിടാനാകില്ലേ - എന്ന് ആക്രോശിച്ച് മാനേജരെ കയ്യേറ്റം ചെയ്യുകയായിരുന്നു അക്രമികൾ. പതിനഞ്ചോളം വരുന്ന സമരക്കാരാണ് എത്തിയതെന്നാണ് ബാങ്ക് മാനേജർ വ്യക്തമാക്കിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് സമരക്കാർ ആക്രമണം തുടങ്ങിയതെന്നും മാനേജർ പറയുന്നു. ബാങ്കിൽ എത്തിയ ജീവനക്കാരെ സമരക്കാർ ഭീഷണിപ്പെടുത്തി. നിങ്ങൾക്ക് അഹങ്കാരമാണോ? പ്രത്യേകിച്ച് ഇനി നിങ്ങളോട് പറയണോ ബാങ്ക് അടച്ചിടാൻ എന്ന് ആക്രോശിക്കുകയും, ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് ജീവനക്കാരും വ്യക്തമാക്കി.

ഇതേത്തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ കന്റോൺമെന്റ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 

Follow Us:
Download App:
  • android
  • ios