നാളെയും മറ്റന്നാളും ബാങ്കുകൾ പ്രവർത്തിക്കില്ല സമരം ഒഴിവാക്കാനുള്ള അവസാനവട്ട ചർച്ചയും പരാജയം ബാങ്ക് ശാഖകൾ 48 മണിക്കൂർ അടഞ്ഞ് കിടക്കും

ദില്ലി: നാളെ മുതല്‍ 48 മണിക്കൂര്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കിൽ. വേതന വർദ്ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടന ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നടത്തിയ അവസാനവട്ട ചർച്ചയും പരാജയപ്പെട്ടു. 

സഹകരണ, ഗ്രാമീൺ ബാങ്കുകൾ ഒഴിച്ചുള്ള രാജ്യത്തെ ബാങ്കുകളെല്ലാം നാളെയും മറ്റന്നാളും അടഞ്ഞ് കിടക്കും. രാവിലെ ആറ് മുതൽ വെള്ളിയാഴ്ച രാവിലെ ആറ് മണി വരെയാണ് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ നിലവിലെ വേതന കരാറിന്‍റെ കാലാവധി ആറ് മാസം മുന്പ് തീർന്നിരുന്നു. തുടർന്ന് ന്യായമായ രീതിയിൽ കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി ചർച്ച നടത്തി. 

യോഗത്തിൽ രണ്ട് ശതമാനം വർദ്ധനവാണ് ഐബിഎ മുന്നോട്ട് വച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് യൂണിയനുകളുടെ നിലപാട്. ബാങ്ക് ജീവനക്കാരുടെ 9 യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. പണിമുടക്ക് ബാങ്ക് ശാഖകളെ നിശ്ചലമാക്കും. കൃത്യമായി പണം നിറയ്ക്കാനാകാത്തത് എടിഎമ്മുകളുടെ പ്രവർത്തനത്തെയും ബാധിക്കും. മാസാവസാനത്തെ രണ്ട് ദിവസം ബാങ്ക് അടഞ്ഞ് കിടക്കുന്നതിനാൽ ശന്പള വിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്.