പോരുവഴി സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ ക്രമക്കേട്
കൊല്ലം: പോരുവഴി സഹകരണബാങ്കില് ലക്ഷങ്ങളുടെ ക്രമക്കേട്. ബാങ്ക് സെക്രട്ടറി രാജേഷ്കുമാറിനെതിരെ പൊലീസ് കേസെടുത്തു. രാജേഷ് കുമാര് ഒളിവിലാണ്. നിക്ഷേപകരുടെ തുക അവരറിയാതെ വ്യാജ ഒപ്പിട്ട് പിന്വലിച്ചാണ് പോരുവഴി സഹകരണ ബാങ്കില് തട്ടിപ്പ് നടന്നത്. കഴിഞ്ഞ ദിവസം പണം പിന്വലിക്കാനെത്തിയ നിക്ഷേപകന്റെ അക്കൗണ്ടില് പണമില്ലെന്ന് ബാങ്ക് ജീവനക്കാര് അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇയാള് ബാങ്ക് പ്രസിഡന്റിന് പരാതി നല്കി. സെക്രട്ടറി രാജേഷ് കുമാര് വ്യാജ ഒപ്പിട്ട് പണം കൈക്കലാക്കുകയായിരുന്നുവെന്ന് പരിശോധനയില് വ്യക്തമായതോടെ ഇയാളെ സസ്പെന്ഡ് ചെയ്തു. ശൂരനാട് പൊലീസില് പരാതിയും നല്കി. ഇതിനിടെ കൂടുതല് നിക്ഷേപകര് പരാതിയുമായി രംഗത്തെത്തി.
ബാങ്കില് പണയം വച്ചിരുന്ന സ്വര്ണം സ്വകാര്യ സ്ഥാപനത്തിന് നൽകിയും സെക്രട്ടറി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പണമടച്ച് സ്വര്ണം തിരിച്ചെടുക്കാന് വന്നവര്ക്ക് പലപ്പോഴും ഒരാഴ്ച വൈകിയാണ് നല്കിയിരുന്നത്. സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തില് നടത്തുന്ന പരിശോധനയില് ഇതിനകം 40 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. ബാങ്കില് പണയം വച്ചിരുന്ന സ്വര്ണത്തില് 90 പവന്റെ കുറവുണ്ടെന്നും വ്യക്തമായി. പരിശോധന തുടരുകയാണ്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവില് പോയ സെക്രട്ടറി രാജേഷ് കുമാറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല
