കൊല്ലം: ബാങ്കിനുള്ളില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം. പരിക്കേറ്റ കുളത്തൂപ്പുഴ സ്വദേശി നന്ദകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെന്‍ട്രല്‍ ബാങ്കിന്റെ കുളത്തൂപ്പുഴ ബ്രാഞ്ചിനുള്ളില്‍ വച്ചാണ് യുവാവ് ആത്മഹത്യശ്രമം നടത്തിയത്. ബാങ്ക് ലോണ്‍ തിരിച്ചടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് മാനേജരുടെ കാബിനില്‍ വച്ച് നന്ദകുമാര്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. 10 വര്‍ഷം മുമ്പ് ബിസിനസ് ആവശ്യത്തിനായി നന്ദകുമാര്‍ ബാങ്കില്‍ നിന്ന് 27 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 

6 ലക്ഷത്തോളം രൂപ തിരിച്ചടച്ചെങ്കിലും ബിസിനസ് പൊളിഞ്ഞതോടെ തിരിച്ചടവ് മുടങ്ങി. ഇതേത്തുടര്‍ന്ന് 6 മാസം മുമ്പ് പലിശയും പിഴപലിശയുമടക്കം 39.5 ലക്ഷം രൂപ അടക്കണമെന്നാവശ്യപ്പെട്ട് ബങ്ക് അധികൃതര്‍ നോട്ടീസയച്ചു. എന്നാല്‍ തുക കുറക്കണമെന്ന് ബാങ്കിന്റെ തിരുവനന്തപുരം ഓഫീസില്‍ നന്ദകുമാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ച അധികൃതര്‍ 28 ലക്ഷം രൂപ തിരിച്ചടച്ചാല്‍ ജപ്തി ഒഴിവാക്കാമെന്ന് ഉറപ്പ് നല്‍കിയതായി നന്ദകുമാര്‍ പറയുന്നു.

അപ്പോള്‍ തന്നെ ഒരു ലക്ഷം രൂപ അടച്ചു. ബാക്കി തുക നല്‍കുന്നതുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴ ശാഖയിലെത്തിയപ്പോള്‍ കൂടുതല്‍ തുക അടക്കണമെന്ന് ബാങ്ക് ജീവനക്കാര്‍ ആവശ്യപ്പെട്ടെന്നും ഒരു മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചെന്നും നന്ദകുമാര്‍ ആരോപിക്കുന്നു. വീട് നഷ്ടമാകുമെന്ന ആശങ്കയിലാണ് ആത്മതഹത്യക്ക് ശ്രമിച്ചത്. 

എന്നാല്‍ തിരിച്ചടക്കേണ്ട തുകയില്‍ കുറവ് വരുത്തിയിട്ടും പണമടക്കുന്നതില്‍ നന്ദകുമാര്‍ വീഴ്ച വരുത്തുകയായിരുന്നുവെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. വായ്പ തുക തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുകയായിരുന്നെന്നും ഒരു തരത്തിലുമുള്ള മാനസിക പീഡനവും നടത്തിയിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ വിശദീകരിക്കുന്നു.