തെളിവായത് വീട്ടമ്മ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണം ബാങ്കിലെ പ്യൂണും അറസ്റ്റില്‍
നാഗ്പൂര്: കാര്ഷിക ലോണ് പാസാക്കണമെങ്കില് തന്നോടൊപ്പം കിടക്ക പങ്കിടണമെന്ന് കര്ഷകന്റെ ഭാര്യയോട് ആവശ്യപ്പെട്ട ബാങ്ക് മാനേജര് അറസ്റ്റില്. സെന്ട്രല് ബാങ്ക് ഓഫ് ഇന്ത്യയുടെ ദത്താല ബ്രാഞ്ച് മാനേജര് രാജേഷ് ഹിവാസിയാണ് അറസ്റ്റിലായത്. രാജേഷിന് വേണ്ടി കര്ഷകന്റെ ഭാര്യയെ സമീപിച്ച പ്യൂണും അറസ്റ്റിലായിട്ടുണ്ട്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ- ബാങ്ക് ലോണിനായി അപേക്ഷിച്ച കര്ഷകനോട് മറ്റു വിവരങ്ങള്ക്കായി ബന്ധപ്പെടാന് ഒരു ഫോണ് നമ്പര് നല്കണമെന്ന് മാനേജര് ആവശ്യപ്പെട്ടു. ഭാര്യയുടെ ഫോണ് നമ്പറാണ് കര്ഷകന് നല്കിയത്. പിന്നീട് മാനേജര് ഈ നമ്പറില് വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുകയും തന്നോടൊപ്പം കിടക്ക പങ്കിടാന് ക്ഷണിക്കുകയുമായിരുന്നു. എന്നാല് ഫോണിലൂടെ പറഞ്ഞ കാര്യങ്ങള്ക്കും അയച്ച അശ്ലീല സന്ദേശങ്ങള്ക്കും വീട്ടമ്മ മറുപടി പറയാതായതോടെ ഇയാള്ബാ ങ്കിലെ പ്യൂണിനെ അയച്ചു. മാനേജരുടെ ആവശ്യത്തിന് വഴങ്ങിയാല് മാത്രമേ ലോണ് ലഭിക്കുകയുള്ളൂവെന്ന് പ്യൂണും ഇവരെ അറിയിച്ചു.
തുടര്ന്ന് വന്ന ഫോണ് സംഭാഷണങ്ങള് വീട്ടമ്മ റെക്കോര്ഡ് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. വിഷയം ഗൗരവമുള്ളതാണെന്നും അതിവേഗ കോടതിയുടെ പരിഗണനയിലേക്ക് വിടാനാണ് തീരുമാനമെന്നും കളക്ടര് അറിയിച്ചു.
