കൊച്ചി: ജ്യേഷ്ഠനെടുത്ത വായ്പയിൽ അനുജന്റെ വീട് ജപ്തി ചെയ്ത ബാങ്ക് അധികൃതർ മൂന്നു പിഞ്ചുകുട്ടികൾ ഉൾപ്പെടെയുളള കുടുംബത്തെ കുടിയിറക്കി. കൊച്ചി ചിലവന്നൂരിലാണ് സംഭവം. ചിലവന്നൂർ തിരുനെലത്ത് റോബിയുടെ വീടാണ് സെൻട്രൽ ബാങ്ക് അധികൃതർ ജപ്തി ചെയ്തത്. തങ്ങൾ വായ്പയെടുത്തിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ കരഞ്ഞുപറഞ്ഞിട്ടും കൂട്ടാക്കാത്ത ബാങ്ക് ഉദ്യോഗസ്ഥന്‍ പ്രതിഷേധവുമായെത്തിയ നാട്ടുകാരെയും രൂക്ഷമായ ഭാഷയില്‍ അസഭ്യം പറഞ്ഞു. ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. ബാങ്ക് അധികൃതരുടെ മനസാക്ഷിയില്ലാത്ത പെരുമാറ്റത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ചിലവന്നൂർ തിരുനെലത്ത് റോബിയും ഭാര്യ ജെൻസിയും നാലു വയസ്സ് പ്രായമുളള മൂന്നു കുട്ടികളും ഉൾപ്പെടുന്ന കുടുംബം വർഷങ്ങളായി താമസിക്കുന്ന വീട്ടില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ ഇറക്കിവിട്ടത്. റോബിയുടെ മൂത്ത സഹോദരൻ റോയി ബാങ്കിൽ നിന്നും ഏതാനും ലക്ഷം രൂപ വായ്‍പയെടുത്തിരുന്നു. മരട് വില്ലേജിലെ സർവ്വേ നമ്പർ 1082 ബാർ 3ൽ പെട്ട മൂന്ന് സെന്‍റ് സ്ഥലവും കെട്ടിടവുമാണ് വായ്‍പയ്ക്ക് ഈടായി നല്‍കിയിരുന്നത്.

എന്നാല്‍ തിരിച്ചടവ് മുടങ്ങിയപ്പോള്‍ വായ്പയ്ക്ക് ഈട് നൽകിയിരുന്ന ഈ വസ്‍തു ജപ്തി ചെയ്യേണ്ടതിനു പകരം കടവന്ത്ര വില്ലേജിലുള്ള റോബിയുടെ വീടു തേടിയാണ് ബാങ്കധികൃതര്‍ എത്തിയത്. തങ്ങൾ വായ്പയെടുത്തിട്ടില്ലെന്ന് റോബിയും ഭാര്യയും കരഞ്ഞ് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല. കുടുംബാഗങ്ങളും നാട്ടുകാരും പറയുന്നത് ശ്രദ്ധിക്കാന്‍ പോലും തയ്യാറാകാതെ ഉദ്യോഗസ്ഥന്‍ ആക്രോശിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. വീട് പൂട്ടി സീൽ ചെയ്തതോടെ മൂന്നു ദിവസം കുട്ടികൾ ഉൾപ്പെടെയുളള കുടുംബം വഴിയാധാരമായി.

കൂടുതല്‍ പ്രതിഷേധവുമായി കൗൺസിലർ ഉൾപ്പെടെയുളള നാട്ടുകാർ രംഗത്ത് വന്നതോടെയാണ് അബദ്ധം മനസിലാക്കിയ ബാങ്ക് ഉദ്യോഗസ്ഥർ മൂന്നുദിവസങ്ങള്‍ക്കു ശേഷം സ്ഥലത്തെത്തി മുദ്ര വെച്ച വീട് തുറന്ന് റോബിയുടെ കുടുംബത്തിന് തിരിച്ച് നൽകിയത്. അതുവരെ മഞ്ഞുകൊണ്ടും വെയിലേറ്റും കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടുപറമ്പില്‍ കഴിഞ്ഞു.

ഒടുവില്‍ കുടുംബത്തോട് മാപ്പും പറഞ്ഞ് അധികൃതർ തലയൂരിയെങ്കിലും മൂന്ന് ദിവസം തങ്ങളെ കുടിയിറക്കിയ ബാങ്ക് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ നിയമനടപടിക്കൊരുങ്ങാനാണ് കുടുംബത്തതിന്‍റെ തീരുമാനം.