മുംബൈ: മുൻ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മുംബൈ ലോവർ പാരൽ സ്വദേശി വിലാസ് കൃഷ്ണ കടം (38) ആണ് അറസ്റ്റിലായത്. ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയെന്ന് ആരോപിച്ച് യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്.

2008ലാണ് വിലാസ് ജോലി ചെയ്യുന്ന ബാങ്കിൽ ജീവനക്കാരിയായ യുവതി എത്തിയത്. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ആ സൗഹൃദം വളർന്ന് ഇരുവരും തമ്മിൽ ശാരീരികമായും അടുപ്പത്തിലാകുകയായിരുന്നു. എന്നാൽ 2017ൽ യുവതിയുടെ വിവാഹം ഉറപ്പിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ബന്ധം അവസാനിപ്പിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നെങ്കിലും വിലാസ് നിഷേധിക്കുകയായിരുന്നു.

വിവാഹത്തിന് മുമ്പ് അവസാനമായി സംസാരിക്കണമെന്നും അതിനായി ദാദാറിലെ ലോഡ്ജിൽ എത്തണമെന്നും വിലാസ് യുവതിയോട് ആവശ്യപ്പെട്ടു. ഇത് പ്രകാരം ലോഡ്ജിൽ എത്തിയ യുവതിയെ വിലാസ് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് വിവാഹത്തി‌നുശേഷവും നിരവധി തവണ ഇയാൾ യുവതിയെ ബലാത്സംഗത്തിനിരയാക്കി.

താനുമായുള്ള ബന്ധത്തെക്കുറിച്ച് ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ ഹോട്ടലുകളിൽ എത്തിച്ചത്. ഇതുകൂടാതെ യുവതിയുടെ നഗ്ന ചിത്രങ്ങൾ അയച്ചും ഭീഷണിപ്പെടുത്തിയിരുന്നു. വിലാസിന്റെ പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ യുവതി പൊലീസ് ഉദ്യോഗസ്ഥയായ സുഹൃത്തിന്റെ നിർദ്ദേശപ്രകാരമാണ് പരാതി നൽകിയത്. ഇയാളുടെ പക്കൽനിന്ന് പിടികൂടിയ മൊബൈൽ ഫോണിൽനിന്ന് പരാതിക്കാരിയുടെ ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്.