കോഴിക്കോട്: കോഴിക്കോട് വിവിധ സ്ഥലങ്ങളിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. ബാലുശ്ശേരി നടുവണ്ണൂർ ഹയർസെക്കണ്ടറി സ്കൂൾ പരിസരത്ത് നിന്നും വടകര റെയിൽവെ സ്റ്റേഷനിൽ നിന്നുമാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ബാലുശ്ശേരി നടുവണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന് സമീപത്തെ പെട്ടിക്കടയിൽ നിന്നാണ് നിരോധിത പുകയില ഉത്പന്നമായ ഹാൻസിന്റെ വൻ ശേഖരം പൊലീസ് പിടികൂടിയത്.സ്കൂൾ വിദ്യാർത്ഥികൾക് വിൽക്കാനായി സൂക്ഷിച്ചതായിരുന്നു ഇവ.
അറുന്നൂറിലധികം പാക്കറ്റുകൾ ഇവിടെ നിന്ന് കണ്ടെടുത്തു. കച്ചവടം നടത്തിയിരുന്ന നടുവണ്ണൂർ സ്വദേശി മൊയ്തീൻകോയയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ക്കൂൾ പരിസരത്ത് ലഹരി ഉപയോഗം കൂടുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്.
ഇതിനിടെ ഇതരസംസ്ഥാനങ്ങളിൽ നിന്നും തീവണ്ടിയിൽ കടത്തുകയായിരുന്ന 80 കിലോഗ്രം പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. വടകര റെയിൽവെ സ്റ്റേഷനിൽ ആർപിഎഫും എക്‌സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. ജനറൽ കംന്പാർട്ട്മെന്റിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
