ഒടുവിൽ ബാർകോഴയിൽ തുടരന്വേഷണം. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്പി ആ‌ർ സുകേശന്‍റെ ഹർജിയാണ് വഴിത്തിരിവായത്. ബാർകേസ് അന്വേഷണത്തിലെ അട്ടിമറി ഒന്നൊന്നായി സുകേശൻ അക്കമിട്ടുനിരത്തുന്നു. കേസ് ഡയറി തിരുത്താൻ ശങ്കർ റെഡ്ഡി ആവശ്യപ്പെട്ടുവെന്നാണ് സുകേശന്റെ വെളിപ്പെടുത്തൽ. ബാർ ഉടമകൾ നൽകിയ മൊഴികൾ പരാമർശിക്കുന്ന ഭാഗത്തും തെളിവുകൾ സംബന്ധിച്ച ഭാഗത്തും കേസ് ഡയറിയിൽ മാറ്റം വരുത്താനാണ് ശങ്ക‍ർ റെഡ്ഡി ആവശ്യപ്പെട്ടത്. 

ഒപ്പം ബിജു രമേശ് കൈമാറിയ ശബ്ദരേഖ മുഴുവനായി തളളണമെന്നും ഡയറക്ടർ ആവശ്യപ്പെട്ടു. ഡയറക്ടറുടെ നിർദേശ പ്രകാരം കേസ് ഡയറിയിൽ കൃത്രിമം നടത്തേണ്ടി വന്നതായും സുകേശൻ സമ്മതിക്കുന്നു. ഒപ്പം ഡയറക്ടറുടെ നിർദേശ പ്രകാരം മാറ്റം വരുത്തിയ ഭാഗങ്ങൾ എതെല്ലാമാണെന്ന് കേസ് ഡയറിയുടെ അവസാന ഭാഗത്ത് രേഖപ്പെടുത്തിയതായും സുകേശൻ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

മാണിക്കെതിരെ തെളിവില്ലെന്ന തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർബന്ധിതനായെന്നും സുകേശൻ സമ്മതിക്കുന്നു. ഹ‍ർജി പരിഗണിച്ച് കോടതി ബാർ കോഴയിൽ തുടരന്വേഷണം പ്രഖ്യാപിച്ചു. സുകേശൻ അല്ലെങ്കിൽ മറ്റൊരു ഉദ്യോഗസ്ഥൻ അന്വേഷിക്കാനാണ് ഉത്തരവ്.

അതേ സമയം കേസ് ഡയറി തിരുത്തിയെന്ന സുകേശന്‍റെ വാദം ശങ്കർറെഡ്ഡി തള്ളി.സുകേശന്റെ വസ്തുതാവിവര റിപ്പോർട്ടിൽ പിശകുണ്ടായിരുന്നുവെന്നും റെഡ്ഡി പറഞ്ഞു. എല്ലാ രേഖകളും കോടതിക്ക് പരിശോധിക്കാമെന്ന് ശങ്കർ റെഡ്ഡി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.