സംസ്ഥാനത്ത് അടച്ചുപൂട്ടിയ ത്രീസ്റ്റാര്‍ മുതലുള്ള 77 ബാറുകള്‍ രണ്ടര വര്‍ഷത്തിന് ശേഷം നാളെ തുറക്കും. കേരളത്തെ മദ്യാലയമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മദ്യനയത്തിനെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധ ധര്‍ണ നടത്തി.

പുതിയ മദ്യനയം നിലവില്‍ വന്നതോടെ, നേരത്തെ പൂട്ടുവീണ ത്രീസ്റ്റാര്‍ മുതലുളള ബാറുകള്‍ ഞായറാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. ഇതുവരെ ആകെ കിട്ടിയത് 81 അപേക്ഷകള്‍.
തുറക്കാന്‍ അനുമതി നല്‍കിയത് 77 എണ്ണത്തിന്.

നിലവിലെ കണക്ക് പ്രകാരം എറണാകുളത്താണ് ഏറ്റവുമധികം ബാറുകള്‍ തുറക്കുക 20എണ്ണം. കുറവ് വയനാട്ടിലും. രണ്ട് ബാറുകള്‍. ഇനിയും അപേക്ഷകള്‍ വരും മുറയ്‌ക്ക് പരിശോധിച്ച് അനുമതി നല്‍കാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം. മദ്യനയത്തിനെതിരെ സംസ്ഥാനവ്യാപകമായി യുഡിഎഫ് പ്രതിഷേധിച്ചു. സെക്രട്ടേറിനും കളക്ട്രേറ്റിനും മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന 753 ബാറുകളില്‍ നിലവാരമില്ലാത്ത 418 ബാറുകള്‍ക്ക് 2014 ഏപ്രില്‍ 13നാണ് യുഡിഎഫ് സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നത്. അതേവര്‍ഷം ഓഗസ്റ്റ് 21ന് ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടാന്‍ തീരുമാനമെടുത്തു.