തിരുവനന്തപുരം: നഗരപരിധിയിലെ ബാറുകള്‍ തുറക്കുന്നതിനെ പറ്റിയുള്ള എക്‌സൈസ് വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ് വിവാദത്തില്‍. അപേക്ഷ കിട്ടിയാല്‍ യോഗ്യത പരിശോധിച്ച് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കാം എന്നായിരുന്നു ഉത്തരവ്. എന്നാല്‍ ഈ ഉത്തരവിനെ കുറിച്ച് അറിയില്ലെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നഗരപരിധിയിലെ ബാറുകള്‍ തുറക്കാന്‍ ഉടമകള്‍ അപേക്ഷ നല്‍കിയാല്‍ സൗകര്യങ്ങള്‍ പരിശോധിച്ച ശേഷം അനുമതി നല്‍കുന്നതില്‍ നിയമതടസം ഇല്ലെന്നാണ് എക്‌സൈസ് വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ചുമതലയുള്ള ടോം ജോസ് ഉത്തരവിറക്കിയത്. നഗരപരിധിയിലെ ബാറുകള്‍ക്ക് ദേശീയ പാതയില്‍ നിന്നുള്ള 500 മീറ്റര്‍ ദൂരപരിധി ബാധകമല്ലെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ടോം ജോസിന്റെ ഉത്തരവ്.
എന്നാല്‍ ടോം ജോസിന്റെ ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. സുപ്രധാന കോടതി ഉത്തരവുകള്‍ ഉണ്ടായാല്‍ സര്‍ട്ടിഫൈഡ് പകര്‍പ്പ് കിട്ടിയതിന് ശേഷമേ സര്‍ക്കാര്‍ ഉത്തരവിറക്കാന്‍ നിര്‍ദ്ദേശം നല്‍കാറുള്ളൂ. ആവശ്യമായ നിയമോപദേശവും തേടേണ്ടതുണ്ടെന്ന് എന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ദേശീയ, സംസ്ഥാന പാതയുടെ നഗര പരിധിയിലെ ഭാഗങ്ങള്‍ ജില്ലാ പാതകളായി ഡീ നോട്ടിഫൈ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി നഗരപരിധിയില്‍ 500 മീറ്റര്‍ ദൂരപരിധി ഇളവുചെയ്ത് ഉത്തരവിറക്കിയത്. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് ഇങ്ങനെ ഒരു ഉത്തരവിറക്കിയതിനെതിരെ ടോം ജോസിനെതിരെ മന്ത്രിയുടെ ഓഫീസിന് അമര്‍ഷമുണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് മന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ വിശദീകരണം തേടിയേക്കും.
