തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡി, ബാർകേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്‌പി ആര്‍ സുകേശൻ എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഇരുവരും ചേർന്ന ബാർകോഴ കേസ് അട്ടിമറിച്ചുവെന്ന ഹർജിയിലാണ് കോടതി ഉത്തരവ്. ശങ്കർ റെഡ്ഡിയ്ക്കെതിരെ രേഖാമൂലം വിജിലൻസും കോടതിയിൽ ആക്ഷേപം ഉന്നയിച്ചു.
കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ് അട്ടിമറിച്ചതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന പൊതുതാൽപര്യ ഹർജി പരിഗണിക്കേവെയാണ് കേസ് ഡയറി കോടതി വിളിച്ചുവരുത്തിയിരുന്നു. ശങ്കർ റെഡ്ഡി മേൽനോട്ടം വഹിച്ച കാലഘട്ടത്തിലെ 8-9 വാല്യങ്ങളിൽ ചില തിരുത്തലുകണ്ടെന്ന് നിരീക്ഷിച്ച കോടതി ഇതിന്റെ പകർപ്പ് വിശദമായി പരിശോധിച്ചിരുന്നു. ഒപ്പം അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി സുകേശന് മുൻ ഡയറക്ടർ ശങ്കർ റെഡ്ഡി 2015 ഡിസംബർ 23,26 തീയതികളിലും ഈ വർഷം ജനവരി 11നും നൽകിയ മൂന്നു കത്തുകളും കോടതി പരിശോധിച്ചു. ഇതിനുശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മാണിക്കെതിരെ കേസ് നിലനിൽക്കില്ലെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ആദ്യ റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി തുടരന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു. തുടരന്വേഷണം നടക്കുന്ന കാലഘട്ടത്തിലാണ് അന്നത്തെ വിജിലന്‍സ് ഡയറക്ടർ ശങ്കർ റെഡ്ഡി സുകേശന് മൂന്നു കത്തുകള്‍ നൽകിയത്. കേസിലെ സുപ്രധാന സാക്ഷിയായ ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴി വിശ്വാസ്യത്തിലെടുക്കേണ്ടെന്ന് രണ്ടാമത്തെ കത്തിൽ ഡയറക്ടർ ചൂണ്ടികാണിച്ചിട്ടുണ്ടെന്ന് കോടതി ഉത്തരവിൽ പറയുന്നു.
മാത്രമല്ല, ഫോണ്‍ രേഖകളുടെ മാത്രം അടിസ്ഥാനത്തിൽ മാണിക്കെതിരായ ആരോപണം നിലനിൽക്കില്ലെന്ന് ഡയറക്ടര്‍ നിർദ്ദേശച്ചപ്പോള്‍ മാണിക്കെതിരായ മറ്റ് തെളിവുകള്‍ അവഗണിക്കപ്പെട്ടു. മാണിക്കെതിരെ തെളിവില്ലെന്ന റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാമത്തെ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഈ മൂന്നു കത്തുകള്‍ ലഭിച്ചശേഷമാണ് മാണിയെ കുറ്റവിമുക്തനാക്ക സുകേശൻ തുടന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
അതിനാൽ ഇക്കാര്യത്തിൽ പ്രാഥമിക അന്വേഷണ ആവശ്യമാണെന്ന് കോടതി വിലയിരുത്തി. അതേ സമയം മുന്‍ ഡയറക്ടർക്കെതിരെ വിജിലൻസിന്റെ ഇപ്പോഴത്തെ നിലപാട് ഏറെ നിർണായമായി. ശങ്കർ റെഡ്ഡിയുടെ ആവശ്യപ്രകാരമാണ് സുകേശൻ റിപ്പോർട്ട് സമർപ്പിച്ചതെന്ന് വിജിലൻസ് അഭിഭാഷകൻ രേഖമൂലം കോടതിയെ അറിയിച്ചു.45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് വിജിലന്‍സ് ഡയറക്ടർക്ക് കോടതി നൽകിയ നിർദ്ദേശം.
