തിരുവനന്തപുരം: കെ എം മാണിക്കെതിരായ ബാർക്കേോഴ കേസിൽ പരാതിക്കാരനായ ബിജു രമേശ് സമർപ്പിച്ച ബാറുമടകളുടെ ശബ്ദരേഖ എഡിറ്റ് ചെയ്യപ്പെട്ടതെന്ന് ഫൊറൻസിക് റിപ്പോർട്ട്. ഹൈദ്രാബാദിലെ ഫോറൻസിക് ലാബിൽ നിന്നും ലഭിച്ച റിപ്പോർട്ട് വിജിലൻസ് കോടതിയിൽ നൽകി. എന്നാൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബിജു രമേശ് പറഞ്ഞു,
ബാറുകള്‍ തുറക്കാൻ കെ.എം.മാണിക്ക് കോഴ നൽകിയതിന് തെളിവായാണ് ബാറുടമകളുടെ യോഗത്തിൻറെ ശബ്ദരേഖയുടെ സിഡി ബിജു രമേശ് കോടതിയിൽ ഹാജരാക്കിയത്. ബാറുമകളുടെ വെളിപ്പെടുത്തലുകള്‍ ആദ്യത്തെ അന്വേഷണ സംഘം പരിശോധിക്കാതെ മാണിക്ക് ക്ലീൻ ചിറ്റ നൽകിയെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ തുടരന്വേഷണം വിജിലൻസ് നടത്തുന്നത്.
ഇപ്പോഴത്തെ അന്വേഷണ സംഘമാണ് സിഡി ഹൈദ്രാബാദിലെ ഫൊറൻസിക് ലാബിൽ നൽകിയത്. ഫോണിൽ റിക്കോർഡ് ചെയ്ത ശബ്ദരേഖ കമ്പ്യൂട്ടറിലേക്ക് മാറ്റിയശേഷം പല സ്ഥലങ്ങലിലും എഡിറ്റ് ചെയ്തുവെന്നാണ് ലാബിലെ റിപ്പോർട്ട്. ഇതിൻറെ അടിസ്ഥാനത്തിൽ ശബ്ദരേഖ തെളിവായി സ്വീകരിക്കാവില്ലെന്ന് വിലയിരുത്തലിലാണ് വിജിലൻസ്. അതേ സമയം യോഗത്തിൻറെ എഡിറ്റ് ചെയ്യാത്ത ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ബിജു രമേശ് ആരോപിച്ചു.
മൂന്നാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. മാത്രമല്ല മാണിക്ക് വീട്ടിൽ പണമെത്തിച്ചുവെന്ന ആരോപണം തെളിയിക്കാനുള്ള മൊഴികളും ഇതുവരെയും ലഭിച്ചിട്ടില്ല. അതിനാൽ അന്തിമറിപ്പോർട്ട് സമപ്പിക്കാനുള്ള സമയം അന്വേഷണ സംഘം നീട്ടിചോദിക്കാനും സാധ്യതയുണ്ട്. ഒരു എസ്‍പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
