കൊച്ചി: ബാർ ലൈസൻസ് നൽകിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട പരാതിയില്‍ മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെ വിജിലന്‍സ് നാളെ ചോദ്യം ചെയ്യും. ലൈസൻസ് നൽകിയതിൽ 100 കോടിരൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് കാണിച്ച് വ്യവസായിയായ വി എം രാധാകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. വിജിലൻസ് ഓഫീസിൽ വിളിച്ചുവരുത്തിയാവും ബാബുവിനെ ചോദ്യം ചെയ്യുക.
മുൻ സർക്കാരിന്റെ കാലത്ത് ബാർ-ബിയർപാർലർ ലൈസൻസുകൾ അനുവദിച്ചതിലും ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചുപൂട്ടിയതിലും കെ ബാബു അഴിമതി നടത്തിയെന്ന കേരള ഹോട്ടൽ ഇൻഡസ്ട്രിയലിസ്റ്റ്സ് അസോസിയേഷന്റെ പരാതിയിൽ വിജിലൻസ് എറണാകുളം റേഞ്ച് ഡിവൈ എസ് പി ഫിറോസ് എം ഷെഫീക്ക് ആണ് അന്വേഷണം നടത്തുന്നത്.
വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരം നടന്ന ത്വരിത പരിശോധനയിൽ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് ബാർ- ബിയർ പാർലർ ലൈസൻസുമായി ബന്ധപ്പെട്ട് രേഖകൾ സെക്രട്ടേറിയറ്റിൽ നിന്ന് ശേഖരിച്ച വിജിലൻസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പരാതിക്കാരനായ ഹോട്ടൽ ഇൻഡസ്ട്രിയലിസ്റ്റ്സ് അസോസിയേഷൻ നേതാവ് വി എം രാധാകൃഷ്ണന്റെയും മൊഴിയെടുത്തിരുന്നു.
