ബാഴ്സ: സ്പെയിനിലെ പ്രധാന നഗരമായ ബാഴ്സിലോനയില്‍ ഭീകരാക്രമണം നടത്തിയ 19 കാരനുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കി. മൊറാക്കോ സ്വദേശിയായ മൗസ ഔബക്കിർ ആണ് ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാൻ ഓടിച്ച് കയറ്റിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തല്‍. സഹോദരൻ ദ്രിസ് ഔബക്കറിന്‍റെ രേഖകളുപയോഗിച്ചാണ് മൗസ ഔബക്കിർ അപകടമുണ്ടാക്കിയ വാഹനം വാടകക്കെടുത്തതെന്ന് പൊലീസ് പറയുന്നു.
ഇയാളുടേതെന്ന് കരുതുന്ന 2 ചിത്രങ്ങളും സ്പാനിഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു. മൗസ 2 കാറുകള്‍ വാടകക്ക് എടുത്തിരുന്നു. രണ്ടാമത്തെ കാർ വടക്കൻ ബാഴ്സലോണയിലെ വിസ് ടൗണില്‍ നിന്നും കണ്ടെത്തി. മൗസയുടെ സഹോദരൻ ദ്രിസ്സിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്‍റെ രേഖകള്‍ മോഷ്ടിച്ചാണ് വാഹനങ്ങള്‍ വാടകക്ക് എടുത്തതെന്ന് ദ്രിസ് ഔബക്കിർ പൊലീസിനോട് പറഞ്ഞു.
ഇവർ മൊറാക്കോ സ്വദേശികളാണ്. ബാഴ്സലോണയിലെ പ്രധാന വാണിജ്യ, ടൂറിസ്റ്റ് കേന്ദ്രമായ റാസ് ലംബ്‍ലാസിലായിരുന്നു ഭീകരാക്രമണം. സംഭവത്തിന് ശേഷം മൗസ ഓടിരക്ഷപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
ബാഴ്സലോണക്ക് പിന്നാലെ കാംബ്രിൽസിലും സമാനരീതിയില്‍ ആക്രമണശ്രമം നടന്നിരുന്നു. സ്ഫോടകവസ്തുക്കളുമായി എത്തിയ 5 ഭീകരർ ആൾക്കൂട്ടത്തിന് നേരെ വാനിടിച്ച് കയറ്റി.സംഭവത്തില്‍ ഏഴ് പേർക്ക് പരിക്കേറ്റു. 5 ഭീകരരേയും പൊലീസ് വധിച്ചു.
