ബംഗളുരു: സുപ്രീംകോടതി കനിഞ്ഞതോടെ, രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ബംഗളൂരുവിലെ പബുകളും ബാറുകളും വീണ്ടും തുറക്കുന്നു. നഗരത്തിലെ രാത്രികളെ സജീവമാക്കിയ എം.ജി റോഡിലെയും ബ്രിഗേഡ് റോഡിലെയുമെല്ലാം 700ലധികം മദ്യശാലകളാണ് ഇന്ന് തുറക്കുക.
ആളും ബഹളവും കുറഞ്ഞ വാരാന്ത്യങ്ങളായിരുന്നു കഴിഞ്ഞ രണ്ട് മാസം ബംഗളൂരുവിലെ എം.ജി റോഡിലും ബ്രിഗേഡ് റോഡിലും. രാത്രികളില്‍ ഏറ്റവും സജീവമായിരുന്ന ഈ കേന്ദ്രങ്ങള്‍ നിശബ്ദമായത് ദേശീയപാതക്കരികിലെ പബുകളും ബാറുകളും പൂട്ടാന്‍ തീരുമാനിച്ചപ്പോഴാണ്. ആകെ 700ഓളം മദ്യശാലകള്‍ ജൂലൈ ഒന്നിന് അടച്ചുപൂട്ടി. വിളമ്പുന്നവര്‍ മുതല്‍ നൃത്തം ചെയ്യുന്നവര്‍ വരെ നാലായിരത്തോളം പേര്‍ ജോലി പോകുമെന്ന ആശങ്കയിലായി. പബുകള്‍ ഹോട്ടലുകളും മറ്റുമായി രൂപം മാറാന്‍ തയ്യാറെടുത്തു. എന്നാല്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട സുപ്രീംകോടതി തന്നെ നഗരപരിധിയിലെ റോഡുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ബെംഗളൂരുവിലെ ആഘോഷവഴികള്‍ വീണ്ടും തുറക്കുന്നു.
ഇന്ദിരാനഗറിലും കോറമംഗലയിലും മഡിവാളയിലും തെരുവുകളില്‍ ഇനി ആളുകൂടും, ആഘോഷമാകും. 736 ബാറുകള്‍ തുറക്കാനാണ് എക്‌സൈസ് കമ്മീഷണറുടെ അനുമതി. പബുകളും ബാറുകളും പൂട്ടിയിട്ട കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം കര്‍ണാടക സര്‍ക്കാരിന് 3000 കോടിയുടെ നഷ്‌ടമുണ്ടായെന്നാണ് കണക്ക്. നേരത്തെ പബുകള്‍ പൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ വമ്പന്‍ ഓഫറുകള്‍ ഉടമകള്‍ നല്‍കിയിരുന്നു. ഒന്നെടുത്താന്‍ ഒന്ന് ഫ്രീയടക്കം നല്‍കി. അതൊക്കെ വെറുതെ ആയല്ലോ എന്നാണ് പബ് മുതലാളിമാര്‍ക്കിടയിലെ സംസാരം.
