കോട്ടയം: ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍ . ആഘോഷങ്ങളൊന്നും വേണ്ടെന്നാണ് ബാവയുടെ തീരുമാനം . ഇപ്പോള്‍ അമേരിയ്ക്കയിലുള്ള ബാവായ്ക്ക് യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും പത്‌നി മിഷേല്‍ ഒബാമയും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
സപ്തതി നിറവിലും പിറന്നാള്‍ ആഘോഷമാക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവനില്ല. ആശരണരോട് കരുണ ചെയ്യാനാണ് വലിയ ഇടയന്‍ ഇഷ്ടപ്പെടുന്നത്. സപ്തതി വര്‍ഷത്തില്‍ സ്‌നേഹസ്പര്‍ശം എന്ന പേരില്‍ നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്കുള്ള ചികില്‍സാ സഹായ പദ്ധതി തുടങ്ങും. പരുമലയില്‍ കാന്‍സര്‍ സെന്റര്‍ തുറക്കും. 100 കോടിയിലേറെ ചെലവിട്ടാണ് ആശുപത്രി തുറക്കുന്നത്.
സഭാ പരമാധ്യക്ഷ സ്ഥാനത്തെത്തി ആറു വര്‍ഷത്തിനിടെ ബാവാ നടപ്പാക്കിയ പദ്ധതികളിലെല്ലാം ഈ കാരുണ്യസ്പര്‍ശമുണ്ട്. ഇടവകകകളില്‍ സ്ത്രീകള്‍ക്കും വോട്ടവകാശം നല്‍കിയെന്നതാണ് പ്രധാന ഭരണ പരിഷ്‌കാരം. മദ്യത്തിനും ലഹരിക്കും ,സൈബര്‍ കാലത്തെ വെല്ലുവിളികള്‍ക്കും എതിരായ ബോധവല്‍ക്കരണം എന്നിവ പ്രധാന പരിപാടികളായി സഭയില്‍ നടപ്പാക്കുന്നു.
ആഘോഷങ്ങള്‍ക്കപ്പുറം കാരുണ്യത്തിനും കരുതലിനും ഊന്നല്‍ നല്‍കുന്ന ബാവായുടെ ഏഴുപതാം പിറന്നാള്‍ ആഘോഷം കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ കേക്ക് പങ്കുവയ്ക്കുന്നതിലൊതുങ്ങും
