ദമാസ്കസ്: സിറിയയിൽ പ്രസിഡന്‍റ് ബാഷർ അൽ അസദിന് വിമതർക്ക് മേൽ നിർണ്ണായക മുൻതൂക്കം. വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയൻ പട്ടണമായ അലെപ്പോയുടെ പടിഞ്ഞാറൻ മേഖലയിലേക്കുള്ള അവസാന പാതയും അസദ് അനുകൂല സൈന്യം അടച്ചു. അവശ്യസാധനങ്ങൾ കിട്ടാതാകുന്നതോടെ വിമതരെ തുരത്തുന്നത് എളുപ്പമാവുമെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടൽ.
ഒരിക്കൽ സിറിയയിലെ ഏറ്റവും വലിയ നഗരമായിരുന്ന അലെപ്പോ ഇപ്പോൾ രണ്ട് രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശമെന്നോണം രണ്ടായി മുറിഞ്ഞുപോയിരിക്കുന്നു. പടിഞ്ഞാറൻ മേഖല വിമതരുടേയും കിഴക്കൻ മേഖല അസദ് അനുകൂല സൈന്യത്തിന്റെയും നിയന്ത്രണത്തിലാണ്. വാർത്താമാധ്യമങ്ങൾക്കും ഏജൻസികൾക്കും കടുത്ത നിയന്ത്രണവും വിലക്കുമുള്ളതുകൊണ്ട് സിറിയയിലെ സംഘർഷമേഖലകളുടെ യഥാർത്ഥ ചിത്രം പലപ്പോഴും വൈകിയാണ് പുറത്തുവരുന്നത്.
ഈ മാസം തുടക്കം മുതൽ പടിഞ്ഞാറൻ അലെപ്പോയെ സൈന്യം ഏതാണ്ട് പൂർണ്ണമായും ഉപരോധിച്ചിരിക്കുകയാണെന്ന് സിറിയയിൽ പ്രവർത്തിക്കുന്ന ബ്രിട്ടിഷ് ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറയുന്നു. ഇവിടേക്ക് ഭക്ഷണവും ഇന്ധനവും മരുന്നുകളുമടക്കം എല്ലാ വസ്തുവകകളും എത്തുന്ന കാസ്റ്റെല്ലോ പാത സൈന്യം അടച്ചതായാണ് വിവരം. 2,50,000 ഓളം സാധാരണക്കാരാണ് ഇവിടെ ഇപ്പോൾ കുടുങ്ങിക്കിടക്കുന്നത്. സർക്കാർ അനുകൂല സേന ഈ പ്രദേശത്തേക്ക് നിർണ്ണായക മുന്നേറ്റം നടത്തിയതായും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
വിമതരോട് ആയുധം താഴെ വച്ച് കീഴടങ്ങാൻ സിറിയൻ സൈന്യത്തിന്റെ ജനറൽ കമാണ്ടർ ആവശ്യപ്പെട്ടു. ഉപോരോധിച്ചിരിക്കുന്ന മേഖലകളിൽ നിന്ന് സാധാരണക്കാർക്ക് രക്ഷപ്പെടാൻ സുരക്ഷിതപാതയൊരുക്കുമെന്നും സിറിയൻ ദേശീയ വാർത്താ ഏജൻസിയായ സനാ റിപ്പോർട്ട് ചെയ്തു. ഇത് യുദ്ധകാഹളമായിത്തന്നെയാണ് അന്താരാഷ്ട്രനിരീക്ഷകർ കരുതുന്നത്. സമാധാനശ്രമങ്ങൾ പരാജയപ്പെട്ടശേഷം നടന്ന വിവിധ സംഘർഷങ്ങളിലായി നൂറുകണക്കിന് വിമതരും സാധാരണക്കാരുമാണ് ഈ മേഖലയിൽ മരിച്ചത്.
സൈന്യം നടത്തിയ ഹെലികോപ്ടർ ആക്രമണങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി നൂറോളം പേർക്ക് ഇവിടെ ജീവൻ നഷ്ടമായി. തടസ്സപ്പെട്ട സന്ധിസംഭാഷണങ്ങൾ വീണ്ടും തുടങ്ങാൻ ഐക്യരാഷ്ട്രസഭ ശ്രമിക്കുന്നതിനിടെയാണ് സൈന്യം വീണ്ടും പോർമുഖം തുറക്കുന്നത്. അലെപ്പോയുടെ നിയന്ത്രണം പൂർണ്ണമായി പിടിച്ചെടുക്കാനായാൽ അത് പ്രസിഡന്‍റ് ബാഷർ അൽ അസദിനെ സംബന്ധിച്ച് വലിയ വിജയമാകും. അഞ്ചുവർഷമായി തുടരുന്ന സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ഇതുവരെ 2,80,000 പേർ മരിച്ചതായാണ് കണക്ക്. 4.8 ദശലക്ഷം സിറിയക്കാർ ഈ അഞ്ചുവർഷം കൊണ്ട് അഭയാർത്ഥികളായി.
