ക്രൈസ്തവ സാക്ഷ്യത്തിന് നേരെ  ഏറെചോദ്യങ്ങളുയരുന്നതാണ് പരാതിയെന്ന് ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വീതിയൻ കാതോലിക്കാ ബാവ സമ്മതിക്കുന്നു.

തിരുവല്ല: ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിര ഉയർന്ന പരാതികളിൽ ഉത്കണ്ഠ അറിയിച്ച് കാതോലിക്കാ ബാവയുടെ കത്ത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സഭ സ്വീകരിക്കില്ലെന്ന് വിശ്വാസികൾക്കയച്ച കത്തിൽ സഭാധ്യക്ഷൻ വ്യക്തമാക്കി. 

ഞായറാഴ്ച പള്ളികളിൽ വായിക്കുന്നതിനായി നൽകിയിരുന്ന കത്തിലാണ് വൈദികസ്ഥാനത്തിരിക്കുന്നവർക്കെതിരെ ഉയർന്ന പരാതികളിൽ കാതോലിക്കാ ബാവ ദുഖംഅറിയിച്ചത്. വൈദികർക്കെതിരെ ആരോപണമുയർന്ന ശേഷം ആദ്യമായാണ് വിശ്വാസികൾക്കായി സഭാ നേതൃത്വം ഇത്തരമൊരു കത്ത് നൽകുന്നത്. 

ക്രൈസ്തവ സാക്ഷ്യത്തിന് നേരെ ഏറെചോദ്യങ്ങളുയരുന്നതാണ് പരാതിയെന്ന് ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വീതിയൻ കാതോലിക്കാ ബാവ സമ്മതിക്കുന്നു. വൈദികരെ അന്വേഷണവിധേയമായി മാറ്റി നിർത്തിയിട്ടുണ്ട്. കുറ്റം ചെയ്തതായി ബോധ്യപ്പെട്ടാൽ കർശനനടപടി സ്വീകരിക്കും. എന്നാൽ നിരപരാധിയാണെങ്കിൽ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണവുമായി സഹകരിക്കുമെന്ന് പറഞ്ഞ കതോലിക്കാബാവ നീതിയുക്തമായും സത്യസന്ധമായും അന്വേഷണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെടുന്നു. കുമ്പസാരരഹസ്യം ഉപയോഗിച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി കത്തിൽ സൂചിപ്പിച്ചിട്ടില്ലെങ്കിലും ആരോപണം വിശുദ്ധകുമ്പസാരം പോലുള്ള കുദാശകളെ ലാഘവപ്പെടുത്തുന്നതിന് ഇടയാവരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. 

കൂദാശകൾ വിശുദ്ധമായി അനുഷ്ഠിക്കമെന്ന് വ്യക്തമാക്കി ആചാരങ്ങളിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ബാവ സൂചിപ്പിച്ചു പൗരോഹിത്യം ദൈവം നൽകുന്ന ദാനമാണെന്ന് വിശദീകരിച്ച് വൈദികരെ ഉപദേശിക്കുന്ന കാതോലിക്കാ ബാവ പക്ഷെ ഇരയായ പെൺകുട്ടിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്.