ബിജെപി ബന്ധത്തെ ചൊല്ലി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റും മകനുമായ തുഷാര്‍ വെള്ളാപ്പള്ളിയും ഏറ്റുമുട്ടലില്‍. ബിജെപി ബന്ധം ബിഡിജെഎസിന് നഷ്‌ടക്കച്ചവടമെന്ന വെള്ളാപ്പള്ളിയുടെ നിലപാട് തുഷാര്‍ തള്ളി. ഒക്ടോബര്‍ 28ന് എസ്എന്‍ഡിപിയുടെ വാര്‍ഷിക പൊതുയോഗം ചേരാന്‍ ചേര്‍ത്തലയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായിയെ കണ്ടിറങ്ങിയ ശേഷം, ബിജെപി ദേശീയ അധ്യക്ഷനെ കാണില്ലെന്ന് പ്രഖ്യാപിച്ച് വെള്ളാപ്പള്ളി തുടക്കമിട്ട ബിജെപി ബാന്ധവ ചര്‍ച്ച എസ് എന്‍ ഡി പിയില്‍ തുഷാറും വെള്ളാപ്പള്ളിയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ എത്തിനില്‍ക്കുകയാണ്. അണികള്‍ അസംതൃപ്തരാണെന്നും വേറെ വഴി നോക്കേണ്ടി വരുമെന്നും കഴിഞ്ഞദിവസം പറഞ്ഞ വെള്ളാപ്പള്ളി ഒരു പടികൂടി കയറി ബിജെപി ബന്ധം ബിഡിജെഎസ്സിന് നഷ്‌ടകച്ചവടമാണെന്ന് പ്രഖ്യാപിച്ചു. തെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയത് ബിജെപിയുടെ മാത്രം വോട്ടല്ല. മുന്നണിയിലെ ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ കേന്ദ്രത്തില്‍ പറയേണ്ട സംസ്ഥാന ബിജെപി നേതൃത്വം ദുര്‍ബലമാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു.

മിനിറ്റികള്‍ക്കുള്ളില്‍ വെള്ളാപ്പള്ളിയെ എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് കൂടിയായ മകന്‍ തുഷാര്‍ തിരുത്തി.

സാമൂഹിക നീതി നിഷേധത്തിന്റെ പേരില്‍ തുടങ്ങി ബിജെപി ബന്ധം, ബിഡിജെഎസ്സിലും എസ്എന്‍ഡിപിയിലും ഒരുപോലെ പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്. നിര്‍ണ്ണായക എസ്എന്‍ഡിപി നേതൃയോഗങ്ങളില്‍ വെള്ളാപ്പള്ളിയും തുഷാറും നിലപാടില്‍ ഉറച്ച് നില്‍ക്കുമോ എന്നു കണ്ടറിയണം. വെള്ളാപ്പള്ളിയുടെ രാഷ്‌ട്രീയ അടവുനയമായി ഇപ്പോഴത്തെ ചര്‍ച്ചകളെ വ്യാഖ്യാനിക്കുന്നവരും എസ്എന്‍ഡിപിയിലുണ്ട്.