സെന്‍റ് ആന്‍റണീസ് പള്ളിയ്ക്ക് മുന്നിലെ വെള്ളക്കെട്ടിൽ നമ്പര്‍ പ്ലേറ്റ് നഷ്ടപ്പെട്ട് പോയതാണ് നിരവധി പേര്‍ക്കാണ്

മുട്ടാര്‍: ആലപ്പുഴ ജില്ലയിലെ മുട്ടാര്‍ സെന്‍റര്‍ റോഡിലൂടെ വാഹനമോടിക്കുന്നവര്‍ സൂക്ഷിക്കുക. ഇല്ലെങ്കിൽ നമ്പര്‍ പ്ലേറ്റ് നഷ്ടമാകാനുള്ള സാധ്യതകള്‍ ഏറെയാണ്. സെന്‍റ് ആന്‍റണീസ് പള്ളിയ്ക്ക് മുന്നിലെ വെള്ളക്കെട്ടിൽ നമ്പര്‍ പ്ലേറ്റ് നഷ്ടപ്പെട്ട് പോയതാണ് നിരവധി പേര്‍ക്കാണ്.

ഇത്തരത്തിൽ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകൾ വെള്ളത്തിൽ ഒലിച്ച് പോകുന്നത് നിത്യസംഭവമാണെന്ന് പ്രദേശവാസികളും പറയുന്നു. ആവശ്യക്കാരെ തേടി നിരവധി നമ്പര്‍ പ്ലേറ്റുകൾ നാട്ടുകാരുടെ കസ്റ്റഡിയിലുണ്ട്. നമ്പര്‍ പ്ലേറ്റ് മാത്രമല്ല വെള്ളക്കെട്ടിൽ നിന്ന് ലഭിക്കുന്നത്. വാഹനങ്ങളുടെ ഭാഗങ്ങൾ അടര്‍ന്ന് വീഴുന്നതും നിത്യസംഭവമാണ്.

സ്കൂട്ടര്‍ യാത്രക്കാരേയാണ് വെള്ളക്കെട്ട് കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. കിടങ്ങറ മുതൽ ചക്കുളത്തുകാവ് വരെയുള്ള റോഡിൽ മൂന്നിടങ്ങൾ ഇത്തരത്തിൽ വെള്ളത്തിനടിയിലാണ്. ക്ഷേത്രവും അമ്പലവും സ്കൂളുമൊക്കെയുള്ള മുട്ടാര്‍ സെന്‍റര്‍ റോഡിലെ ഈ ദുരിതയാത്രയ്ക്ക് റോഡ് മണ്ണിട്ട് ഉയര്‍ത്തി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.