25 മണിക്കൂറിലേറെ നീണ്ട പ്രയത്‌നവും രക്ഷയായില്ല. മയക്കുവെടിവെച്ച് കിണറിന് പുറത്തെടുത്തെങ്കിലും ഏതാനും മിനിറ്റുകള്‍ക്കകം കരടി ചത്തു. 20 വയസ്സിലേറെ പ്രായം ചെന്ന കരടിയുടെ ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണം.

എരുമേലി റേഞ്ചിന് കീഴിലുള്ള പ്ലാച്ചേരിയില്‍ കരടിയെ മറവ് ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് കോരുത്തോട് മഠത്തിങ്കല്‍ ശ്രീധരന്റെ വീട്ടിലെ കിണറ്റില്‍ കരടിയെ കാണുന്നത്. രണ്ട് അടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റിലെ മണ്‍വിടവില്‍ തലപൊക്കിവെച്ച നിലയിലായിരുന്നു കരടി. 

ഏണിവെച്ച് പുറത്തെത്തിക്കാന്‍ ആദ്യം തീരുമാനിച്ചെങ്കിലും നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തി. വീണ്ടും നാട്ടിലേക്കിറങ്ങി ഭീതി വിതക്കുമെന്ന ആശങ്കമൂലമായിരുന്നു ഇത്. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മയക്കുവെടി വെച്ചു. പുറത്തെത്തിച്ച ഉടന്‍ തന്നെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.