മൂന്നാം സ്ഥാനം നേടിയാണ് ബെല്‍ജിയം റഷ്യ വിടുന്നത്

മോസ്കോ: ലോക ഫുട്ബോളില്‍ അധികം നേട്ടങ്ങളൊന്നുമില്ലാതെയിരുന്ന ബെല്‍ജിയം കുറച്ച് കാലങ്ങളായി അസാമാന്യ കുതിപ്പാണ് നടത്തുന്നത്. റാങ്കിംഗില്‍ മുന്നിലെത്തിയത് കൂടാതെ, ഏതു വമ്പന്മാര്‍ക്കൊപ്പവും തങ്ങളുടെ പേരും എഴുതി ചേര്‍ക്കാന്‍ അവര്‍ക്ക് സാധിച്ചു. ലോകം ആ സുവര്‍ണ നേട്ടങ്ങളെ ചാര്‍ത്തി കൊടുത്തത് ഇന്ന് ബെല്‍ജിയം നിരയില്‍ കളിക്കുന്ന ഒരു പിടി താരങ്ങള്‍ക്കാണ്.

ഏദന്‍ ഹസാര്‍ഡ്, കെവിന്‍ ഡിബ്രുയിനെ, ലുക്കാക്കു, കോമ്പാനി തുടങ്ങിയവരെല്ലാം അണിനിരക്കുന്ന ടീമിനെ സുവര്‍ണ തലമുറയെന്ന് വിശേഷിപ്പിക്കുന്നു. റഷ്യന്‍ ലോകകപ്പില്‍ മിന്നുന്ന പ്രകടനമാണ് ചുവന്ന ചെകുത്താന്മാര്‍ കാഴ്ചവെച്ചത്. ഇംഗ്ലണ്ട് അടങ്ങിയ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി മുന്നേറിയ അവര്‍ ബ്രസീലിനെ അടിയറവ് പറയിച്ചാണ് സെമിയിലേക്ക് കുതിച്ചത്.

ഈ ലോകകപ്പിലെ ഏറ്റവും സന്തുലിത ടീമുകളില്‍ ഒന്നായ ഫ്രാന്‍സിനെതിരെ മികച്ച പോരാട്ടം നടത്തി കീഴടങ്ങിയെങ്കിലും ഒട്ടം ചെറുതല്ലാത്ത മൂന്നാം സ്ഥാനം സ്വന്തമാക്കിയാണ് ഹസാര്‍ഡും സംഘവും റഷ്യ വിടുന്നത്. മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ ചടുലമായ ബെല്‍ജിയം പോരാളികളുടെ നീക്കങ്ങള്‍ക്ക് മുന്നില്‍ ഇംഗ്ലീഷ് പടയാളികള്‍ ശരിക്കും വെള്ളം കുടിച്ചു.

ആ മത്സരത്തിനിടയിലെ ഒരു നീക്കമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒട്ടനവധി പേര്‍ പങ്കുവെയ്ക്കുന്നത്. കൗണ്ടര്‍ അറ്റാക്കിന്‍റെയും വണ്‍ ടച്ച് ഫുട്ബോളിന്‍റെയും മികച്ച ഉദാഹരണങ്ങളില്‍ ഒന്നായി ഇതിനെ വാഴ്ത്തുകയും ചെയ്യുന്നു.

നായകന്‍ ഏദന്‍ ഹസാര്‍ഡും സൂപ്പര്‍ താരം ഡിബ്രുയിനെയും അണിയിച്ചൊരുക്കിയ മുന്നേറ്റത്തിനൊടുവില്‍ ആ നീക്കം ഗോള്‍ ആയിരുന്നെങ്കില്‍ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളില്‍ ഒന്നായി അത് മാറിയേക്കാമായിരുന്നു. ഇംഗ്ലീഷ് താരങ്ങള്‍ ഒന്നൊന്നായി കീഴടങ്ങിയപ്പോള്‍ അവസാനം പിക്ഫോര്‍ഡ് മ്യൂണിയറിന്‍റെ ഷോട്ട് തടുക്കുകയായിരുന്നു.

വീഡിയോ കാണാം... 

Scroll to load tweet…