കോഴിക്കോട്: മഷി തീര്‍ന്നാല്‍ അലസമായി വലിച്ചെറിയുന്ന പേനകള്‍ പ്രകൃതിയിലുണ്ടാക്കുന്ന മാലിന്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കോക്കല്ലൂര്‍ പറമ്പിന്‍ മുകളിലെ കെഇടി ബിഎഡ് വിദ്യാര്‍ഥികള്‍ പദ്ധതികളാവിഷ്‌കരിച്ചു. എറണാകുളം അരുവിക്കരയിലെ ലക്ഷ്മി മേനോന്‍ എന്ന പരിസ്ഥിതി സ്‌നേഹിയുടെ മനസില്‍ ഉരുത്തിരിഞ്ഞു വന്ന ആശയമാണ് അധ്യാപക വിദ്യാര്‍ഥികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. കടലാസുകള്‍ ഉപയോഗിച്ച് ചുരുളുകളായി നിര്‍മിക്കുന്ന പേനയുടെ അടി ഭാഗത്ത് ഫല വൃക്ഷത്തിന്റെയോ തണല്‍ മരത്തിന്റേയോ വിത്ത് വച്ചുകൊണ്ടാണ് നിര്‍മാണം. മഷി തീര്‍ന്നാല്‍ വിത്തുള്ള ഭാഗം മണ്ണില്‍ കുത്തി നിര്‍ത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ മുളച്ചുവരും.
ഇത്തരത്തിലുള്ള പേനകള്‍ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലുമെത്തിക്കുയെന്നതാണ് വിദ്യാര്‍ഥികള്‍ പ്രാരംഭ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. പേനകളുടെ നിര്‍മാണം ആരംഭിച്ചതായും പരിശീലനവും വിത്തുകളുടെ ശേഖരണവും ജനുവരി ആദ്യത്തില്‍ ആരംഭിക്കുമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ബാലുശേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്റ്റര്‍ ആര്‍.എന്‍. ബൈജു പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പി.വി. ഭവിന്‍ദാസ് അധ്യക്ഷനായി.എസ്.കെ. സന്ദീപ്, കെ. അജ്മല്‍,അക്ഷയ്, കെ. രാഹുല്‍ എന്നിവര്‍ സംസാരിച്ചു.
