ഇടുക്കി: തേനീച്ചയെക്കൊണ്ട് ശരീരത്തില്‍ കുത്തിച്ചുള്ള ചികിത്സയെത്തുടര്‍ന്ന് വ്യാപാരി മരിച്ച സംഭവത്തില്‍ ചികിത്സാലയം നടത്തിപ്പുകാരന്‍ അറസ്റ്റില്‍. കാഞ്ചിയാര്‍ പഞ്ചായത്തിലെ മറ്റപ്പള്ളിയിലെ തേനീച്ച ചികിത്സാലയം ഉടമ തുണ്ടുവയലില്‍ രാജുവാണ് അറസ്റ്റിലായത്. നെടുങ്കണ്ടത്ത് വ്യാപാര സ്ഥാപനം നടത്തുന്ന മൈനര്‍സിറ്റി ചെറ്റയില്‍ ടോമി വര്‍ഗീസ് മരിച്ച സംഭവത്തിലാണ് രാജുവിനെ അറസ്റ്റു ചെയ്തത്.
ഇരുകാലുകളിലും വെരിക്കോസ് മൂലമുണ്ടായ വേദന മാറാന്‍ ടോമി പല ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. അസുഖം മാറാത്തതിനെ തുടര്‍ന്ന് ഏപ്രില്‍ 20 ന് രാജുവിന്റെ ചികിത്സാലയത്തില്‍ എത്തി തേനീച്ചയെ ശരീരത്തില്‍ കുത്തിച്ചുള്ള ചികിത്സ സംബന്ധിച്ച ക്ലാസില്‍ പങ്കെടുത്തു. 24 ന് വീണ്ടുമെത്തി ഇരുകാലുകളിലും തേനീച്ചയെക്കൊണ്ട് കുത്തിച്ച് അരമണിക്കൂര്‍ പിന്നിട്ടതോടെ ടോമിക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടു തുടങ്ങി. വായില്‍ നിന്ന് നുരയും പതയും വന്ന് ബോധരഹിതനായതോടെ രാജുവിന്റെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരണമടയുകയായിരുന്നു.
ടോമിയുടെ ഭാര്യാ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കട്ടപ്പന സി.ഐ ബി. ഹരികുമാര്‍ കേസെടുത്ത് അന്വേഷണം നടത്തി. തേനീച്ചയുടെ കുത്തേറ്റതു മൂലമുള്ള അലര്‍ജിയാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് രാജുവിനെ സ്റ്റേഷനിലേയ്‌ക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മനപൂര്‍വ്വമല്ലാത്ത് നരഹത്യക്കും വേണ്ടത്ര യോഗ്യതയില്ലാതെ ചികിത്സ ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ നിരവധി പേര്‍ക്ക് ഈ ചികിത്സയിലൂടെ വാതരോഗം കുറഞ്ഞിട്ടുണ്ടെന്നും ടോമിക്കുണ്ടായിരുന്ന മറ്റെന്തെങ്കിലും അസുഖമാകാം മരണകാരണമെന്നുമാണ് രാജുവിന്റെ വാദം. രാജുവിനെ കട്ടപ്പന കോടതി റിമാന്‍ഡ് ചെയ്തു.
