ജയ്പൂര്‍: ഗുരുത്വാകര്‍ഷണം നിയമം കണ്ടെത്തിയത് ഐസക് ന്യൂട്ടനല്ല, ഇന്ത്യക്കാരനായ ബ്രഹ്മഗുപ്ത രണ്ടാമനെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്നാനി. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയുടെ 72-ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന ചടങ്ങിലായിരുന്നു പ്രസ്താവന. ഐസക് ന്യൂട്ടനും ആയിരം വര്‍ഷം മുമ്പാണ് ബ്രഹ്മഗുപ്ത രണ്ടാമന്‍ ജീവിച്ചിരുന്നതെന്നും അതുകൊണ്ട് ന്യൂട്ടനല്ല, അദ്ദേഹമാണ് ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവെന്നും ദേവ്നാനി പറഞ്ഞു. 

എന്തുകൊണ്ടാണ് ഇത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതെന്നും കുറഞ്ഞ പക്ഷം രാജസ്ഥാനിലെങ്കിലും ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നാല് വര്‍ഷം മുമ്പ് വരെ അക്ബര്‍ മഹാനാണെന്ന പാഠമാണ് എല്ലാവരും പഠിച്ചിരുന്നത്. എന്നാല്‍ ഇന്ന് അത് മാറ്റി പകരം മഹാറാണ പ്രതാപിനെ കുറിച്ചാണ് പഠിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പ്രക്ഷോഭങ്ങളെയും കനയ്യ കുമാറിനെയും പ്രസംഗത്തില്‍ ദേവാനി പ്രതിപാധിച്ചു. രാജസ്ഥാനില്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ ഉണ്ടാകുകയോ ഒരു കനയ്യ കുമാര്‍ ജനിക്കുകയോ ചെയ്യരുതെന്നും ദേവ്നാനി പറഞ്ഞു. 

ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശുവെന്നും പനി മാറാന്‍ പശുവിന് അടുത്ത് നിന്നാല്‍ മതിയെന്നും ദേവ്നാനി പ്രസ്താവന ഇറക്കിയിരുന്നു. ചാണകത്തില്‍ ധാരാളം വൈറ്റമിന്‍ ബി അടങ്ങിയിട്ടുണ്ടെന്നും ദേവാനി പറഞ്ഞിരുന്നു. പ്രസ്താവനയുടെ പ്രസ് റിലീസ് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് വഴി അദ്ദേഹം പുറത്തിറക്കുകയും ചെയ്തിരുന്നു. ഏറെ വിമര്‍മശനാണ് ഇതുവഴി രാജസ്ഥാന്‍ സര്‍ക്കാര്‍ ഏറ്റുവാങ്ങിയത്.