എന്തായാലും സ്ലാട്ടന്‍ വാക്കുപാലിക്കുമെന്ന വിശ്വാസത്തിലാണ് ഫുട്ബോള്‍ ലോകം
മോസ്കോ: ഫുട്ബോള് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളില് രണ്ടു പേരാണ് ഡേവിഡ് ബെക്കാമും സ്ലാട്ടന് ഇബ്രഹാമോവിച്ചും. നിശ്ചലാവസ്ഥയിലുള്ള പന്തിനെ തന്റെ ഇഷ്ടത്തിന് അനുസരിച്ച് ചലിപ്പിച്ച് ഗോള് നേടാനുള്ള പ്രതിഭയാണ് ബെക്കാമിനെ ശ്രദ്ധേയനാക്കിയതെങ്കില് അര്ധാവസരങ്ങള് പോലും മെയ്വഴക്കത്തോടെ നേരിട്ട് ഗോള് നേടി ഇബ്ര സ്വീഡന്റെ എക്കാലത്തയും മികച്ച താരമായി മാറി.
ഇന്നലെ ലോകകപ്പ് ക്വാര്ട്ടര് ഫെെനലില് ഇംഗ്ലണ്ട് സ്വീഡിഷ് പടയ്ക്കെതിരെ വിജയം നേടിയതോടെ പണി കിട്ടിയത് കളത്തിലില്ലെങ്കിലും പോലും ഇബ്രയ്ക്കാണ്. അതോടെ, ഇംഗ്ലണ്ട് ടീം അടുത്ത തവണ ചരിത്രമുറങ്ങുന്ന വെംബ്ലി സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങുമ്പോള്, ഒരു പക്ഷേ ഇംഗ്ലീഷ് ജഴ്സിയിട്ട് സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഗ്യാലറിയിലുണ്ടാകും.
ഒരു വാതുവെപ്പ് കഥയാണ് എല്ലാത്തിനും പിന്നിൽ. സുഹൃത്തായ ഡേവിഡ് ബെക്കാമിനെ വെല്ലുവിളിച്ചതാണ് സ്വീഡന്റെ പഴയ സൂപ്പർ താരത്തെ കുഴിയില് ചാടിച്ചത്. ലോകകപ്പ് ക്വാർട്ടറിൽ സ്വീഡനെതിരെ ഇംഗ്ലണ്ട് ജയിച്ചാൽ ബെക്കാമിന് ചിലവ് ചെയ്യാമെന്ന് ഇബ്ര ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, സ്വീഡനാണ് ജയിക്കുന്നതെങ്കില് ലോസ് ഏഞ്ചൽസിലെ പുതിയ ഫ്ലാറ്റിലേക്ക് ചോദിക്കുന്നതെന്തും ബെക്കാം വാങ്ങിത്തരണമെന്നായിരുന്നു ഇബ്രയുടെ ആവശ്യം.
ഹാരി കെയ്നിലും സംഘത്തിലും വിശ്വാസമർപ്പിച്ച് ഇബ്രയുടെ വെല്ലുവിളി ബെക്കാം ഒട്ടും മടിക്കാതെ ഏറ്റെടുത്തു. സ്വീഡൻ ജയിച്ചാൽ ഇബ്രഹാമോവിച്ച് പറഞ്ഞതുപോലെ ചെയ്യാം. പക്ഷേ, ഇംഗ്ലണ്ട് ആണ് ജയിക്കുന്നതെങ്കില് മറ്റൊരു കാര്യമാണ് ബെക്കാം ആവശ്യപ്പെട്ടത്. ഇംഗ്ലീഷ് പട സെമിയിലെത്തിയാൽ ഇംഗ്ലണ്ടിന്റെ ജേഴ്സിയിട്ട് വെംബ്ലി സ്റ്റേഡിയത്തിൽ ഇബ്ര കളി കാണാനെത്തണം.
എന്തെങ്കിലുമൊക്കെ കൊറിച്ചിരുന്ന് ഇംഗ്ലണ്ടിന് വേണ്ടി കയ്യടിക്കുകയും വേണം. ബെക്കാമിനെ തോൽപ്പിക്കാതെ ഇംഗ്ലണ്ട് ടീം സ്വീഡനെ തോൽപ്പിച്ചു. വാതുവെപ്പിൽ ഇബ്രഹാമോവിച്ചും തോറ്റു. വെംബ്ലിയിലേക്ക് വീണ്ടും സ്ലാട്ടൻ വരുമെന്ന് ബെക്കാം പോസ്റ്റുമിട്ടു കഴിഞ്ഞു. ഞാന് വരുന്നു... അഭിനന്ദനങ്ങള് എന്നാണ് സ്ലാട്ടന് മറുപടി പറഞ്ഞത്. എന്തായാലും ഇംഗ്ലണ്ട് ജേഴ്സിയിൽ ഇബ്ര എത്തുമോ എന്നറിയാൻ നവംബർ പതിനഞ്ചാവണം. അന്നാണ് വെംബ്ലിയിൽ ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.
