റഷ്യയില്‍ വിപ്ലവം പൂര്‍ത്തിയാക്കാതെ മടങ്ങി ബെല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറ
സെയ്ന്റ് പീറ്റേര്സ്ബര്ഗ്: ലോകകപ്പ് ഫൈനലിന് ഒരു ചുവട് അകലെ വീണ്ടും വീണുപോയി ബെൽജിയം. ബ്രസീലിനെയും തോൽപ്പിച്ചതോടെ ഈ ലോകകപ്പിൽ ഫേവറിറ്റുകളായി മാറിയ അവരുടെ സുവർണ തലമുറ കപ്പുയര്ത്താനുള്ള സുവർണാവസരമാണ് കൈവിട്ടത്. ലുഷ്നിക്കിയിൽ ബെൽജിയത്തിന്റെ സുവർണ തലമുറ കപ്പുയർത്തുമ്പോൾ മാത്രം റഷ്യയിലെ ഫുട്ബോൾ വിപ്ലവം പൂർത്തിയാവുമെന്ന് കരുതിയവരുണ്ട്.
ഫേവറിറ്റുകളായി വാഴ്ത്തപ്പെട്ടത് വെറുതെയല്ലെന്ന് തെളിയിച്ച് മുന്നേറിയ മാർട്ടിനസിന്റെ സംഘത്തിന് ലോകഫുട്ബോളിൽ ആവർത്തിക്കപ്പെട്ട ഫ്രഞ്ച് വിപ്ലവത്തിന് മുന്നിൽ കാലിടറുന്നു. 1986ലെ സെമിക്കപ്പുറം തിരുത്തില്ലാതെ ബാക്കിയാകുന്നു അവരുടെ ലോകകപ്പ് ചരിത്രം. ഇതിലും മികച്ച അവസരം ബെൽജിയത്തിന് കിട്ടാനില്ലായിരുന്നു. ഹസാർഡ്, ഡിബ്രൂയിൻ, ലുക്കാക്കു തുടങ്ങി ലോകോത്തര താരങ്ങളാല് സമ്പന്നമായ സ്വപ്നനിര.
തിരിച്ചുവരവിന്റെ ഏറ്റവും മികച്ച ലോകകപ്പ് ഉദാഹരണങ്ങളിലൊന്ന് ജപ്പാനെതിരെ കാണിച്ചതന്നു ബെൽജിയം. കുറേ പേരുകളല്ല, പൊരുതുന്ന കൂട്ടമാണ് തങ്ങളെന്ന് തെളിയിച്ചു. സ്വപ്നങ്ങൾക്ക് മുന്നിൽ മതിലായി വന്ന ബ്രസീലിനെ മികവും തന്ത്രങ്ങളും കൊണ്ട് വീഴ്ത്തി എതിരാളികളെ വെല്ലുവിളിച്ചു.
എന്നാൽ അയൽക്കാരായ ഫ്രാൻസിന് മുന്നിൽ യൂറോപ്പിലെ ചുവന്ന ചെകുത്താന്മാര്ക്ക് കാലുകൊണ്ട് നല്കാന് മറുപടിയുണ്ടായില്ല.
ലുക്കാക്കുവിന്റെ വൺ ടച്ച് വിസ്മയങ്ങൾ, കോട്ട്വായുടെ എണ്ണം പറഞ്ഞ സേവുകൾ, ഹസാർഡിന്റെ മിന്നൽ നീക്കങ്ങൾ. ബെൽജിയം ബാക്കിവെക്കുന്നത് ഇതൊക്കെയാണ്. ക്രൈഫിന്റെ ഹോളണ്ടിനും പുഷ്കാസിന്റെ ഹംഗറിക്കുമൊപ്പം ചേർത്തുവായിക്കും അവരുടെ സുവർണതലമുറയുടെ പേര്. പ്രായമേറുകയാണ്, ഖത്തറിൽ ആരൊക്കെയുണ്ടാകുമെന്ന് അറിയില്ല. എന്നാല് ലോകകപ്പുയര്ത്താന് ഇതിലും മികച്ച അവസരം ബെൽജിയത്തിന് കിട്ടാനില്ലായിരുന്നു.
