സിപിഎമ്മിനെയും എം വി ഗോവിന്ദനെയും കടന്നാക്രമിച്ച് പി കെ ശശി. ബ്രസീൽ ലോകകപ്പ് മത്സരത്തിൽനിന്ന് വിടവാങ്ങിയ പോലെ സിപിഎം കേരള രാഷ്ട്രീയത്തിൽനിന്ന് വിടവാങ്ങുമെന്ന് പി കെ ശശി പറഞ്ഞു. 

പാലക്കാട്: സിപിഎമ്മിനെതിരെ വിമർശനവുമായി പി കെ ശശി രംഗത്ത്. ബ്രസീൽ ലോകകപ്പ് മത്സരത്തിൽനിന്ന് വിടവാങ്ങിയ പോലെ സിപിഎം കേരള രാഷ്ട്രീയത്തിൽനിന്ന് വിടവാങ്ങുമെന്ന് പി കെ ശശി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പി കെ ശശി ഉന്നമിട്ടു. എം വി ഗോവിന്ദനെ ഗോവിന്ദൻ എന്നേ വിളിക്കാനാവൂ എന്നും അയാൾ വെറും പിടി മാഷാണെന്നും പി കെ ശശി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ഗോവിന്ദന് മുതൽ ബ്രാഞ്ച് അംഗത്തിന് വരെ വലിയ അഹങ്കാരമായിരുന്നു എന്നും പി കെ ശശി കുറ്റപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"ഒന്ന് തോറ്റാൽ തോൽവി അംഗീകരിക്കാൻ തയ്യാറാകേണ്ടേ. എന്നാലും ധിക്കാരം പോകുന്നില്ല. തെരഞ്ഞെടുപ്പിൻ്റെ ഘട്ടത്തിൽ എന്തായിരുന്നു. ഗോവിന്ദൻ മുതൽ കൊമ്പും തുമ്പിയുമായിട്ടല്ലേ നടന്നത്. ഞാനീ ഗോവിന്ദൻ എന്ന് പറയുമ്പോൾ ബുദ്ധിമുട്ട് തോന്നരുത്. അത് അയാളുടെ പേരാണ്. അയാൾ മാഷല്ല, പിടി മാഷാണ്. എന്റെ ധിക്കാരമാണെന്ന് ധരിക്കരുത്. എം വി ഗോവിന്ദൻ എന്നേ താൻ പറയുകയുള്ളൂ. ഗോവിന്ദൻ മുതൽ ബ്രാഞ്ച് വരെ എന്തായിരുന്നു ധാർഷ്ഠ്യം"- പി കെ ശശി പറഞ്ഞു.

എം വി ഗോവിന്ദനെതിരായ ജി സുധാകരൻ്റെ വിമർശനത്തിന് പിന്നാലെയാണ് പി കെ ശശിയുടെയും വിമർശനം. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇരിക്കാൻ എം വി ഗോവിന്ദൻ യോഗ്യനല്ലെന്നും പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നയാളാണ് അദ്ദേഹമെന്നുമായിരുന്നു ജി സുധാകരൻ്റെ വിമർശനം. വർഗമോ വർഗവഞ്ചകനോ എന്താണെന്ന് ഗോവിന്ദന് അറിയില്ല. വലിയ സൈദ്ധാന്തികനാണെന്ന ലേബൽ പത്രക്കാരാണ് നൽകിയത്. ഒന്നുകിൽ സംസ്ഥാന സെക്രട്ടറി സ്ഥാനം ഗോവിന്ദൻ ഒഴിയണം, അല്ലെങ്കിൽ പാർട്ടി അയാളെ പുറത്താക്കണം.

സ്വന്തം ജില്ലയായ കണ്ണൂരിലെ അഞ്ച് സീറ്റിൽ യുഡിഎഫ് വിജയിച്ചിട്ടും ഗോവിന്ദന് ഉളുപ്പോ വിഷമമോ ഇല്ലെന്നും ജി സുധാകരൻ പറഞ്ഞു. മുതലാളി വർഗത്തിന് സന്തോഷമുണ്ടാക്കി സ്വന്തം വർഗമായ തൊഴിലാളി, കർഷക വർഗത്തെ വഞ്ചിച്ച ഗോവിന്ദനാണ് സൈദ്ധാന്തികമായി വർഗവഞ്ചകൻ. സ്വന്തം ഇഷ്ടപ്രകാരം താൻ സിപിഎം അംഗത്വം പുതുക്കാതെ ഇരുന്നപ്പോൾ അതെങ്ങനെയാണ് വർഗവഞ്ചനയാകുന്നതെന്നും സുധാകരൻ ചോദിച്ചു.