ബെല്‍ ഓഫ് ഫെയ്ത്ത് പദ്ധതിയുമായി സിറ്റി പൊലീസ് അടിയന്തരഘട്ടങ്ങളില്‍ സഹായം

തൃശൂര്‍:വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സുരക്ഷയൊരുക്കാന്‍ തൃശൂര്‍ സിറ്റി പൊലീസിന്‍റെ കൈത്താങ്ങ്.വീട്ടില്‍ സ്ഥാപിക്കുന്ന ബെല്ലടിച്ച് അടിയന്തര സാഹചര്യങ്ങളില്‍ അയല്‍വാസികളോട് സഹായമഭ്യര്‍ത്ഥിക്കാനുള്ള സൗകര്യമാണ് പോലീസ് ഒരുക്കുന്നത്. 'ബെല്‍ ഓഫ് ഫെയ്‍ത്ത് ' പദ്ധതിയുടെ ഉദ്ഘാടനം ഡിജിപി ലോക്നാഥ് ബെഹ്റ നിർവഹിച്ചു.

തൃശൂര്‍ നഗരത്തിലെ കണ്ണന്‍കുളങ്ങരിയിലെ വീട്ടില്‍ ഒറ്റക്കാണ് തങ്കമ്മയുടെ താമസം. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ മറ്റ് അടിയന്തിരസാഹചര്യങ്ങളോ വന്നാല്‍ സഹായത്തിന് വിളിക്കാന്‍ തങ്കമ്മയ്ക്ക് ആരുമില്ല. ഇനി തങ്കമ്മ ഈ സ്വിച്ചമര്‍ത്തിയാല്‍ 
ബെല്ലടിക്കുന്നത് തൊട്ടുത്തുളള വീട്ടിലാണ്. തങ്കമ്മയെ പോലെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൃശൂര്‍ സിറ്റി പോലീസ് പ്രത്യേക പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

അടിയന്തരഘട്ടങ്ങളില്‍ സഹായം ആവശ്യപ്പെടാന്‍ മുതിര്‍ന്ന പൗരന്മാര്‍ താമസിക്കുന്ന വീടുകളിള്‍ പ്രത്യേക ബട്ടനുകള്‍ സ്ഥാപിക്കും. ബട്ടണമര്‍ത്തിയാല്‍ സേവനസന്നദ്ധരായ അയല്‍വാസികളുടെ വീട്ടില്‍ അലാം മുഴങ്ങും. അയല്‍വാസി വിവരം കൈമാറുന്നതോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആംബുലന്‍സ് ഉള്‍പ്പെടയുളള സഹായം പോലീസ് ലഭ്യമാക്കും.റൗണ്ട് ടേബിള്‍ എന്ന സംഘടനയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടത്തില്‍ 50 വീടുകളില്‍ നടപ്പാക്കുന്ന പദ്ധതി പിന്നീട് നഗരത്തിലെ മുഴുവന്‍ മേഖലകളിലേക്കും വ്യാപിപ്പിക്കും.