രാഹുൽ ഗാന്ധി ബംഗാള്‍ നേതാക്കളുമായി ദില്ലിയിൽ ചര്‍ച്ച നടത്തി
കൊല്ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായുള്ള സഖ്യത്തെ ചൊല്ലി ബംഗാള് കോണ്ഗ്രസ് പിളര്പ്പിന്റെ വക്കിൽ. തൃണമൂൽ കോണ്ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന വാദിക്കുന്നവര് തീരുമാനം എതിരായാൽ പാര്ട്ടി വിടുമെന്ന് ഭീഷണി ഉയര്ത്തുകയാണ്. പ്രശ്ന പരിഹാര ശ്രമവുമായി പാര്ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ബംഗാള് നേതാക്കളുമായി ദില്ലിയിൽ ചര്ച്ച നടത്തി.
ലോക്സഭാ തിരഞ്ഞെടുപ്പ് സഖ്യത്തെ ചൊല്ലി ബംഗാള് കോണ്ഗ്രസ് നെടുകെ പിളരുന്ന സ്ഥിതിയിലാണ്. പി.സി.സി അധ്യക്ഷൻ അഥിര് രജ്ഞൻ ചൗധരിയുടെ നേതൃത്വത്തിലുള്ള വിഭാഗം സിപി.മ്മുമായി സഖ്യമുണ്ടാക്കണമെന്ന് വാദിക്കുന്നു. എ.ഐ.സി.സി സെക്രട്ടറി മൗനുള് ഹഖിന്റെ നേതൃത്വത്തിൽ മറുചേരി തൃണമൂൽ കോണ്ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന നിലപാടുമായി കനത്ത വിമത ഭീഷണി ഉയര്ത്തുന്നു. ഇൗ സാഹചര്യത്തിലാണ് ബംഗാള് നേതാക്കളെ ദില്ലിയിൽ വിളിച്ചു വരുത്തി രാഹുൽ ഗാന്ധി ഒറ്റയ്ക്ക് കണ്ടത്.
ബംഗാളിൽ സി.പി.എം നേതൃത്വത്തിലുള്ള ഇടതു മുന്നണി അപ്രസ്കതമായെന്നാണ് മൗനുള് ഹഖിന്റെയും കൂട്ടരുടെയും വാദം. സിപിഎമ്മുമായി സഖ്യത്തിനാണ് പാര്ട്ടി നീക്കമെങ്കിൽ എംഎല്എമാരടങ്ങുന്ന ഈ ചേരി തൃണമൂൽ കോണ്ഗ്രസിൽ ചേരും . മമതയുടെ പ്രലോഭനത്തിനോ ഭീഷണിക്കോ വഴങ്ങുന്നവര്ക്ക് കീഴടങ്ങാനില്ലെന്നാണ് മറുചേരിയുടെ നിലപാട് . ഇതോടെ ബംഗാളിൽ ചില മേഘലകളിൽ മാത്രം ശേഷിക്കുന്ന കോണ്ഗ്രസിന്റെ നിലനില്പിൽ രാഹുൽ ഗാന്ധിയുടെ തീരുമാനം നിര്ണായകമായിരിക്കുകയാണ്.
