ദില്ലി: സ്ത്രീധനം നൽകാത്തതിന് പകരം ഭാര്യയുടെ വൃക്ക വിറ്റയാള്‍ അറസ്റ്റില്‍. വൃക്ക നഷ്ടപ്പെട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഭര്‍ത്താവിന്‍റെ ക്രൂരത തിരിച്ചറിഞ്ഞത്. പശ്ചിമ ബംഗാളിലെ 28 കാരിയായ റീത്ത സർക്കാറിനാണ് വൃക്ക നഷ്ടമായത്.

യുവതിയുടെ പരാതിയില്‍ ഭർത്താവ് ബിശ്വജിത് സർക്കാറിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിന്റെ അമ്മ ഒളിവിലാണ്. രണ്ട് ലക്ഷം രൂപയാണ് ഭർത്താവ് സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ യുവതിയുടെ കുടുംബത്തിന് ഈ തുക നൽകാനായില്ല. ഇക്കാര്യം പറഞ്ഞ് ഇയാൾ ഭാര്യയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. 

ഇതിനിടെ രണ്ട് വർഷത്തോളം യുവതിക്ക് വിട്ടുമാറാത്ത വയറുവേദനയുണ്ടായി. തുടര്‍ന്ന്, അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയയ്ക്കെന്ന പേരിൽ ഭർത്താവും അയാളുടെ വീട്ടുകാരും ചേർന്നു കൊൽക്കത്തയിലെ ആശുപത്രിയിൽ വെച്ച് യുവതിയുടെ വൃക്ക രഹസ്യമായി നീക്കം ചെയ്യുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയ വിവരം മറ്റാരോടും പറയരുതെന്ന് ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷവും വയറുവേദനയ്ക്ക് മാറ്റമില്ലാതെ തുടർന്നപ്പോ‌ൾ റീത്തയുടെ വീട്ടുകാർ അവരെ മറ്റൊരു ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തിയപ്പോഴാണു വലത്തെ വൃക്ക നീക്കംചെയ്തതായി കണ്ടെത്തിയത്. ചത്തീസ് ഗഢിലെ ഒരു വ്യാപാരിക്കാണ് വൃക്ക വിറ്റതെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ശസ്ത്രക്രിയ നടത്തിയ കൊൽക്കത്തയിലെ ആശുപത്രിയിൽ മുർഷിദാബാദ് പൊലീസ് റെയ്ഡ് നടത്തി. വൃക്ക റാക്കറ്റിന്റെ ഇടപെടലിനെക്കുറിച്ചും അന്വേഷണം നടക്കുന്നു. പന്ത്രണ്ടു വർഷം മുമ്പ് വിവാഹിതാരായ ദമ്പതികൾക്കു 11 വയസ്സുള്ള മകനുണ്ട്.