മഗുര്‍ഖലി: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തെ കുറിച്ച് വെളിപ്പെടുത്തലുമായി തദ്ദേശീയര്‍. ഹിന്ദുവും മുസല്‍മാനും സമാധാനപരമായി ജീവിച്ചിരുന്ന ഇവിടെ വര്‍ഗീയ കലാപങ്ങള്‍ കേട്ടുകേള്‍വിയുണ്ടായിരുന്നില്ല. എന്നാല്‍ ഏതാനും ദിവസങ്ങളായി ഇവിടെയുള്ളവര്‍ ഭീതിയിലാണ്. ഭദുരിയയിലെ മഗുര്‍ഖലി ഗ്രാമത്തില്‍ കഴിയുന്നവര്‍ ഇന്ന് ഭീതിയുടെ നടുവിലാണ്. 

മോട്ടോര്‍ ബൈക്കുകളില്‍ എത്തിയവരാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഒരു കൗമാരക്കാരനെ ആക്രമിച്ചതെന്ന് ഇവര്‍ പറയുന്നു. ബൈക്കുകളില്‍ അജ്ഞാതര്‍ ഗ്രാമത്തില്‍ എത്തുമ്പോഴേക്കും ഞങ്ങള്‍ ഓടി വീടിനുള്ളില്‍ കയറുമെന്ന് ഹാജഹാന്‍ മോന്ദല്‍ എന്നയാള്‍ പറയുന്നു. പ്രവാചകനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട കൗമാകരാക്കാരനെ തേടിയാണ് അവര്‍ വരുന്നത്. 

പ്രദേശവാസികളില്‍ ആരും തന്നെ സംഘര്‍ഷത്തില്‍ പങ്കെടുക്കുന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി. പോസ്റ്റ് ഇട്ട കുട്ടിയേയും അയാളുടെ വീടും സംരക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും വിജയിക്കാറില്ല. അക്രമികള്‍ പോയതോടെ പ്രദേശത്തുള്ള മുസ്ലീംകള്‍ എത്തി കുട്ടി സുരക്ഷിതനാണെന്ന് ഉറപ്പുവരുത്തിയെന്ന് ഇവര്‍ ഒരു ദേശീയ ടെലിവിഷനോട് പറഞ്ഞു. 

കലാപം ബാഷിര്‍ഹത്തിലേക്കും വ്യാപിച്ചതോടെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അക്രമികള്‍ ബംഗ്ലാദേശില്‍ നിന്നാണ് വരുന്നതെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി പറയുന്നത്. ഈ സാഹചര്യം ബി.ജെ.പിയും ആര്‍.എസ്.എസും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.