കൊല്‍ക്കത്ത: കാമുകനെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊലപ്പടുത്തിയ യുവതി ഫോണിലൂടെ മരണവെപ്രാളം കേട്ട് ആസ്വദിച്ചു. പശ്ചിമബംഗാളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മനുവ മജുംദാര്‍ എന്ന 28കാരിയാണ് തന്റെ ഭര്‍ത്താവ് അനുപം സിന്‍ഹയെ കൊലപ്പെടുത്തിയത്. കാമുകന്‍ അജിത് റോയി എന്ന 26കാരനൊപ്പം ചേര്‍ന്നാണ് മനുവ മജുംദാര്‍ ഭര്‍ത്താവിനെ വകവരുത്തിയത്. ഒന്നാം വിവാഹ വാര്‍ഷികത്തിന് ഭര്‍ത്താവിന് യുവതി സ്വര്‍ണ മോതിരം സമ്മാനിച്ചിരുന്നു. അതേസമയം തന്നെയാണ് ഭര്‍ത്താവിന്റെ മരണത്തിന് തിരക്കഥ ഒരുക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.

ബാരാസാത് മുനിസിപ്പാലിറ്റിയിലെ താല്‍ക്കാലിക ജീവനക്കാരിയായ മനുവയും അജിത്തും കോളജ് കാലം മുതല്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ട്രാവല്‍ ഏജന്‍സിയില്‍ മാനേജരായ അനുപവുമായി ഒരു വര്‍ഷം മുമ്പ് മനുവയുടെ വിവാഹം കഴിഞ്ഞു. പിന്നീട് കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ മനുവ തീരുമാനിക്കുകയായിരുന്നു. ഈ മാസം മൂന്നിനാണ് കൊലപാതകം നടന്നത്. അനുപത്തിന്റെ വീട്ടില്‍ വച്ചാണ് അജിത്ത് കൊലപാതകം നടത്തിയത്.

ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അനുപത്തിന്റെ തലയ്ക്ക് അടിച്ച ശേഷം ഞരമ്പുകള്‍ മുറിച്ച് കൊല്ലുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ് അനുപത്തിന്റെ മരണ വേദന മനുവയെ ഫോണിലൂടെ അജിത്ത് കേള്‍പ്പിച്ചു. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റ് കഴുകി വൃത്തിയാക്കിയ അജിത്ത് ഗംഗാനദിയില്‍ കുളിച്ച ശേഷം ചോരപുരണ്ട വസ്ത്രങ്ങള്‍ നദിയില്‍ ഒഴുക്കിക്കളഞ്ഞു.

മൃതദേഹത്തിന് അടുത്ത് നിന്ന് ലഭിച്ച വിവാഹ വാര്‍ഷിക സമ്മാനമായ മോതിരത്തില്‍ നിന്നാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. മനുവ സമ്മാനിച്ച മോതിരം അനുപത്തിന്റെ വിരലില്‍ കിടക്കുന്നത് തനിക്ക് ഇഷ്ടമല്ലായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ അജിത്ത് പറഞ്ഞു. കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.