കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ദിവസങ്ങളോളം അലഞ്ഞു തിരിഞ്ഞ് ഒടുവില്‍ കോഴിക്കോട്ടെ ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയ പതിമൂന്നുകാരനെ തേടി കൊല്‍ക്കൊത്തയില്‍നിന്ന് മാതാപിതാക്കളെത്തി.ദിവസങ്ങള്‍ നീണ്ട തിരിച്ചിലിനൊടുവില്‍ മകനെ കണ്ട പിങ്കിബീവി സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. മൂത്ത മകള്‍ മര്‍ദ്ദിച്ചതിനാലാണ് മകന്‍ വീടു വിട്ടതെന്നും മകള്‍ക്കെതിരെ പരാതി നല്‍കുമെന്നും പിങ്കി ബീവി പറഞ്ഞു.
ഈ ബംഗാളി ബാലന്റെ രണ്ട് മാസത്തെ ജീവിതം സിനിമ കഥപോലെ. അച്ഛനും അമ്മയും രാജസ്ഥാനിലേക്ക് ഒരാവശ്യത്തിന് പോയപ്പോഴാണ് കാഞ്ഞങ്ങാട്ട് താല്‍ക്കാലികമായി താമസിക്കുന്ന സഹോദരിക്കൊപ്പം ഇവനെ കേരളത്തിലേക്ക് പറഞ്ഞുവിട്ടത്. ചേച്ചിക്കൊപ്പം കഴിയവേ ചേച്ചിയുമായി പിണങ്ങി. ചേച്ചി അടിച്ചതോടെ വീടുവിട്ടിറങ്ങി. അലഞ്ഞു തിരിഞ്ഞു. കോഴിക്കോട്ടെത്തി.റയില്‍വേ പൊലീസ് കണ്ടതോടെ അവര്‍ ചൈല്‍ഡ് ലൈന്‍ മുഖേന ചില്‍ഡ്രന്‍സ് ഹോമിലെത്തിച്ചു.
ചില്‍ഡ്രന്‍സ് ഹോമിലെത്തിയ കുട്ടിക്ക് വീട്ടുവിലാസം അറിയില്ലായിരുന്നു. അധികൃതര്‍ കുഴങ്ങി. ഒടുവില്‍ അവന്‍ ചില സൂചനകള്‍ മാത്രം നല്‍കി. അത് വെച്ച് കൊല്‍ക്കൊത്ത ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അവിടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ അനിശ്ചിതത്ത്വത്തിന് വിരാമം മാതാപിതാക്കള്‍ക്ക് കുട്ടിയെ കിട്ടി. അവരെത്തി എല്ലാവര്‍ക്കും സന്തോഷം. രണ്ട് മാസമായി മകനെ കാണാനില്ലായിരുന്നു. മൂത്തമകള്‍ ഇവനെ തല്ലി, അതാണ് അവന്‍ പോകാന്‍ കാരണം, അവള്‍ക്കെതിരെ ചൈല്‍ഡ് ലൈന് പരാതി നല്‍കും- അമ്മ പറഞ്ഞു.
കുറച്ച് ദിവസമാണ് ഇവിടെ കഴിഞ്ഞതെങ്കിലും അവന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി. നാട്ടിലെത്തി നന്നായി പഠിക്കണം മിടുക്കനാവണം മാതാപിതാക്കളുടെ കൈപിടിച്ച് വീണ്ടും സനാഥനായതോടെ ആഗ്രഹങ്ങളോടെയാണ് ഇവിടെ നിന്ന് അവന്റെ മടക്കം.
