ബംഗളുരു: സര്‍ക്കാര്‍ ഓഫീസ് പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന ഭീഷണിയുമായി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവ്. ബംഗളുരു കെ.ആര്‍ പുരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും ബി ബസവരാജ് എംഎല്‍എയുടെ വിശ്വസ്തനുമായ നാരായണസ്വാമിയാണ് ബൃഹത് ബംഗളുരു മഹാനഗര പാലികെ വാര്‍ഡ് ഓഫീസ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

കോടയില്‍ കേസ് നടന്നുകൊണ്ടിരിക്കുന്ന ഭൂമി തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് കിട്ടണമെന്ന ആവശ്യവുമായാണ് ഇയാള്‍ ഓഫീസിലെത്തിയത്. ഇതേ ആവശ്യം ഉന്നയിച്ച് ഇയാള്‍ പലതവണ ഇവിടെ വന്നിരുന്നെങ്കിലും കോടിയിലുള്ള കേസില്‍ തീര്‍പ്പാക്കാതെ ഭൂമിയില്‍ ഒന്നും ചെയ്യാനാവില്ലെന്ന് ഉദ്ദ്യോഗസ്ഥര്‍ അറിയിക്കുയായിരുന്നു. കഴിഞ്ഞ ദിവസം കുപ്പി നിറയെ പെട്രോളുമായി ഓഫീസിലെത്തി എല്ലായിടത്തും പെട്രോള്‍ ഒഴിച്ചു. അസിസ്റ്റന്റ് റവന്യു ഓഫീസര്‍ ചെങ്കല്‍ രായപ്പയുടെ ശരീരത്തിലും നാരായണസ്വാമി പെട്രോളൊഴിച്ചു. തുടര്‍ന്ന് ഓഫീസ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ രായപ്പയെ സ്ഥലം മാറ്റിയെന്നും പൊലീസില്‍ പരാതി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തിയതായും മറ്റ് ഉദ്ദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

എന്നാല്‍ ഉദ്ദ്യോഗസ്ഥനോട് പൊലീസില്‍ പരാതി നല്‍കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ബിബിഎംപി ജോയിന്റ് കമ്മീഷണര്‍ പൂര്‍ണ്ണിമ വാസന്തി പറഞ്ഞത്. സംഭവം പറഞ്ഞുതീര്‍ക്കാമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ബസവരാജ് ബന്ധപ്പെട്ടിരുന്നുവെന്നും പൂര്‍ണ്ണിമ പറഞ്ഞു. എന്നാല്‍ ഇതുവരെ ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് രാമമൂര്‍ത്തി നഗര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ചന്ദ്രധര്‍ പറഞ്ഞത്. വീഡിയോ കണ്ടിട്ടാണ് ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിഞ്ഞത്. സ്വമേധയാ കേസെടുക്കുന്നതിനെക്കുറിച്ച് മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരുമായി ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ താന്‍ തെറ്റായിട്ടൊന്നും ചെയ്തിട്ടില്ലെന്നാണ് നാരായണസ്വാമിയുടെ വാദം.

ആരും നിയമത്തിന് അതീതരല്ലെന്നും നാരയണസ്വാമിയെ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നാരായണസ്വാമിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതായി കെപിസിസി അധ്യക്ഷന്‍ ഡോ. ജി പരമേശ്വര അറിയിച്ചു.

Scroll to load tweet…