കേസിൽ ഒന്നാം പ്രതിയാക്കിയിട്ടുള്ള മിഥുൻ എന്നയാളെയാണ് ഇനി കിട്ടാനുള്ളതെന്ന് പൊലീസ് അറിയിച്ചു. പ്രതി ചേർക്കപ്പെട്ട 7 പേരും ചൊവ്വാഴ്ച രാത്രി യുവതി താമസിക്കുന്ന വീട്ടിൽ എത്തിയിരുന്നു.

ബെം​ഗളൂരു: ബെംഗളൂരുവിൽ ഫ്ലാറ്റ് ഒഴിപ്പിക്കാൻ ക്വട്ടേഷൻ നൽകിയവർ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ആറ് പേർ പിടിയിൽ. ഒന്നാം പ്രതി മിഥുൻ ഒഴികെയുള്ളവരാണ് പിടിയിലായത്. കൂട്ട ബലാത്സംഗത്തിന് ശേഷം യുവതിയിൽ നിന്ന് കവർന്ന ഫോണും പണവും പ്രതികളിൽ നിന്ന് കണ്ടെത്തി. 27കാരിയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു.

ഇരുപത്തിരണ്ടിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള 6 പേരാണ് ബെംഗളൂരു കൂട്ട ബലാത്സംഗ കേസിൽ പിടിയിലായത്. പിടിയിലായവരിൽ രണ്ടുപേർ യുവതിയെ ബലാത്സംഗം ചെയ്തവരാണ് എന്ന് പൊലീസ് അറിയിച്ചു. യുവതി പരാതിയിൽ പറയുന്ന മൂന്നാമത്തെ ആളെ ഇനിയും കണ്ടെത്താനുണ്ട്. കേസിൽ ഒന്നാം പ്രതിയാക്കിയിട്ടുള്ള മിഥുൻ എന്നയാളെയാണ് ഇനി കിട്ടാനുള്ളതെന്ന് പൊലീസ് അറിയിച്ചു. പ്രതി ചേർക്കപ്പെട്ട 7 പേരും ചൊവ്വാഴ്ച രാത്രി യുവതി താമസിക്കുന്ന വീട്ടിൽ എത്തിയിരുന്നു. പൊലീസാണെന്നും ഇവിടെ വേശ്യാലയം പ്രവർത്തിക്കുന്നതായി അറിഞ്ഞ് വന്നതാണെന്നും പറഞ്ഞെത്തിയവർ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും ക്രൂരമായി മർദിച്ചു. യുവതിയുടെ മകനും അടിയേറ്റു.

പിന്നാലെ മറ്റൊരു മുറിയിലേക്ക് വലിച്ചു ‍‍കൊണ്ടുപോയാണ് ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. മൂന്നുപേർ യുവതിയെ ആക്രമിച്ചപ്പോൾ സംഘത്തിലെ മറ്റുള്ളവർ കാവൽ നിന്നു. യുവതിയുടെ പക്കൽ നിന്ന് 25000 രൂപയും രണ്ട് മൊബൈൽ ഫോണും സംഘം കവർന്നു. പന്ത്രണ്ടരയോടെ വിവരമറിഞ്ഞെത്തിയ പൊലീസ് മൂന്നുപേരെ രാത്രി തന്നെ പിടികൂടി. ശേഷിച്ചവരിൽ മൂന്നുപേർ കൂടി ഇന്ന് പിടിയിലായി. മുഖ്യ പ്രതി മിഥുനായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ചില ദുരൂഹതകൾ ഉണ്ടെന്നും പ്രതികളിൽ ചിലരെ യുവതിക്ക് നേരത്തെ അറിയാമായിരുന്നോ എന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

ബെംഗളൂരുവിൽ ഫ്ലാറ്റ് ഒഴിപ്പിക്കാന്‍ ബലാത്സംഗ ക്വട്ടേഷന്‍; ആറ് പേർ പിടിയിൽ, ഒന്നാം പ്രതി ഒളിവിൽ