ബംഗളൂരു: ബംഗളുരുവില്‍ പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ലൈംഗികമായി അപമാനിച്ച കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രേസര്‍ ടൗണ്‍ സ്വദേശികളായ ലെനോ, അയ്യപ്പ, ചിന്നു, രാജു എന്നിവരെയാണ് ബാനസവാടി അറസ്റ്റ് ചെയ്തത്. പ്രതികളായ മറ്റു രണ്ട് പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ഒരാഴ്ചയായി പെണ്‍കുട്ടിയുടെ പിന്നാലെയായിരുന്നുവെന്ന് പിടിയിലായവര്‍ പൊലീസിനോട് സമ്മതിച്ചു.

പുതുവര്‍ഷാഘോഷങ്ങള്‍ കഴിഞ്ഞ മടങ്ങുമ്പോള്‍ ബംഗളുരുവിലെ കമ്മനഹള്ളിയില്‍ വച്ചാണ് യുവതിയെ ബൈക്കിലെത്തിയ സംഘം കയറിപിടിച്ച് അപമാനിച്ചത്. സിസിടിവി ദൃശ്യങ്ങളുടേയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്റേയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബികോം സ്വദേശിയായ ലെനോയാണ് ബൈക്കിന്‍ നിന്നിറങ്ങി പെണ്‍കുട്ടിയെ കടന്നുപിടിച്ചതെന്ന് പൊലീസ് പറഞ്ഞു.സംഘത്തിലെ രണ്ട് പേര്‍ യുവതി ഇടക്കിടെ ഭക്ഷണം കഴിച്ചിരുന്ന ഹോട്ടലില്‍ പാര്‍ട് ടൈം ജീവനക്കാരാണ്. കഴിഞ്ഞ ഒരാഴ്ചയായി സംഘം യുവതിയെയെ പിന്തുടരുകയായിരുന്നുവെന്ന് അറസ്റ്റിലായവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പുതുവര്‍ഷ ആഘോഷങ്ങളില്‍ പങ്കെടുത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ ബൈക്കില്‍ വന്ന സംഘം അപമാനിക്കുകയായിരുന്നു.

അതേ സമയം അതിക്രമത്തിന് ഇരയായ യുവതിയെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.തുടന്വേഷണത്തിന് ഇവരുടെ മൊഴി രേഖപ്പെടുത്തേണ്ടതിനാല്‍ യുവതിക്കായി ബംഗളുരു പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.