ബംഗലൂരു: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ബംഗളുരു നഗരം ഒരുങ്ങി. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബംഗളുരു ആവേശത്തിലാണ്. പുലര്‍ച്ചെ രണ്ട് മണിവരെ പബ്ബുകള്‍ക്ക് പ്രവര്‍ത്താനുമതി ഉണ്ട്. കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുണ്ടെന്ന് ബംഗളുരു പൊലീസ് കമ്മീഷണര്‍ എന്‍ മേഘ്‍രിക് പറഞ്ഞു. നഗരത്തിന്റെ പ്രധാന തെരുവുകളിലെല്ലാം ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായികഴിഞ്ഞു.

അതേസമയം, ആഘോഷം അതിരുവിടാതിരിക്കാന്‍ ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് ബംഗലൂരു പൊലീസ് സജ്ജീകരിച്ചിരിക്കുന്നത്.പുതുവര്‍ഷത്തിന്റെ ഭാഗമായി ബാറുകള്‍ക്കും പബ്ബുകള്‍ക്കും പുലര്‍ച്ചെ രണ്ട് മണി വരെ എക്‌സൈസ് വകുപ്പ് പ്രവര്‍ത്താനുമതി നല്‍കിയിട്ടുണ്ട്.മുന്‍കൂര്‍ അനുമതിയില്ലാതെ ഡിജെ പാര്‍ട്ടികള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ആള്‍ക്കാരെത്തുന്ന എം.ജി. റോഡ്, ബ്രിഗേഡ് റോഡ്, കൊമേഴ്‌സ്യല്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ താത്കാലിക നിരീക്ഷണ ടവറുകളും കൂടുതല്‍ സിസിടിവി ക്യാമറകളും ഡ്രോണ്‍ കാമറകളും സ്ഥാപിച്ചിട്ടുണ്ട്.. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും റോഡില്‍ ബൈക്കിലും കാറിലും അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചു.വൈകീട്ട് നാല് മണി മുതല്‍ വെളുപ്പിന് നാല് വരെ നഗരത്തില്‍ പാര്‍കിങ് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.